ഇന്ന് ടാഗോര്‍ ദിനം

‘നിര്‍ജീവവും വര്‍ണ്ണരഹിതവും പ്രപഞ്ച പരിതഃസ്ഥിതികളോട് ബന്ധമില്ലാത്തതും ഒരു മൃതശരീരത്തിന്റെ കണ്ണുകള്‍ പോലെ തുറിച്ചുനോക്കുന്നതുമായ ചുവരുകളുള്ളതുമായ ഒരു ഫാക്ടറി. ഈ

Share news
 • 16
 •  
 •  
 •  
 •  
 •  
 • 16
 •  
 •  
 •  
 •  
 •  

‘നിര്‍ജീവവും വര്‍ണ്ണരഹിതവും പ്രപഞ്ച പരിതഃസ്ഥിതികളോട് ബന്ധമില്ലാത്തതും ഒരു മൃതശരീരത്തിന്റെ കണ്ണുകള്‍ പോലെ തുറിച്ചുനോക്കുന്നതുമായ ചുവരുകളുള്ളതുമായ ഒരു ഫാക്ടറി. ഈ ലോകം കണ്ട് ആഹ്ലാദിക്കാന്‍ ദൈവദത്തമായ കഴിവുള്ളവരായിരുന്നു നാം. എന്നാല്‍ അച്ചടക്കം എന്ന് വിളിക്കപ്പെടുന്ന ഒരു ശക്തി ആഹ്ലാദകരമായ ആ പ്രവര്‍ത്തനത്തെ അടക്കി ,ചങ്ങലക്കിട്ട് തടവിലാക്കുന്നു. അമ്മയായ ഭൂമിയില്‍ നിന്ന് നേരിട്ട് പഠിക്കാന്‍ കൗതുകം കാണിക്കുന്ന, ജാഗരൂകമായ കുഞ്ഞു മനസ്സുകളെ ഈ അച്ചടക്കം കൊന്നുകളയുന്നു. ഏതോ കാഴ്ചബംഗ്ലാവിലെ ജീവനില്ലാത്ത ചലനമറ്റ മാതൃകകളെപ്പോലെയാവുന്ന കുഞ്ഞുങ്ങള്‍ക്ക് മേല്‍ , പൂക്കളുടെ മേല്‍ ആലിപ്പഴമെന്ന പോലെ പാഠങ്ങള്‍ വാരി എറിയപ്പെടുന്നു. ”

1930 നവംബര്‍ പത്താം തീയതി ന്യൂയോര്‍ക്ക് റേഡിയോവിലൂടെ തന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതിനാമുഖമായി ടാഗോര്‍ പറഞ്ഞ ഈ കാര്യങ്ങളില്‍ ഇന്നും ഏറെയൊന്നും മാറാത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ജീവചരിത്രമുണ്ട്. അത്യാധുനികമെന്ന് നമ്മുടെ വിദ്യാഭ്യാസ ചിന്തകര്‍ കരുതുന്ന ദര്‍ശനങ്ങളാണ് അക്കാലത്തേ വിശ്വഭാരതിയുടേയും ശാന്തിനികേതന്റെയും അടിത്തറ പണിതതെന്നത് നമ്മെ വിസ്മയിപ്പിക്കേണ്ടതാണ് .
അതെ , സാഹിത്യത്തിലും കലയിലും രാഷ്ട്രീയത്തിലും വിദ്യാഭ്യാസ ദര്‍ശനത്തിലുമൊന്നും ടാഗോറിന്റെ സഞ്ചാരവേഗവും തരംഗദൈര്‍ഘ്യവുമുള്ള ഒരു കാലം ഇനിയും പിറന്നിട്ടില്ല. ദേശഭക്തിയും മതബോധവും വിദ്വേഷത്തിന്റെ ഹിംസാത്മക രൂപം പ്രാപിച്ച നമ്മുടെ കാലം ഒട്ടും അതിനര്‍ഹവുമല്ല.

ഈ ആഗസ്‌ററ് 7 ന് രവീന്ദ്രനാഥ ടാഗോര്‍ അന്തരിച്ചിട്ട് 78 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ് . കലയുടേയും സാഹിത്യത്തിന്റേയും സര്‍വ്വതലങ്ങളും ഇത്ര സമഗ്രതയില്‍ സ്പര്‍ശിച്ച പ്രതിഭകള്‍ ലോക ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ്. ലോകത്തിന് മുമ്പില്‍ ഭാരതത്തെ അടയാളപ്പെടുത്താനുള്ള അഭിമാനമുദ്രകളിലൊന്നാണ് ടാഗോര്‍.
കഥ, നോവല്‍, നാടകം , കവിത , ചിത്രകല, സംഗീതം, വിദ്യാഭ്യാസം, തത്വചിന്ത, കലാനിരൂപണം തുടങ്ങി ടാഗോര്‍ ഇടപെടാത്ത ചിന്താ വ്യവഹാരങ്ങളില്ലെന്ന് പറയാം. പതിമൂന്ന് നോവലുകള്‍ , ആയിരക്കണക്കിന് ഗാനങ്ങള്‍ , എണ്ണമറ്റ ലേഖനങ്ങളും പ്രഭാഷണങ്ങളും, നൂറുകണക്കിന് കഥകളും കവിതകളും ചിത്രങ്ങളും തുടങ്ങി വൈവിദ്ധ്യങ്ങള്‍. ഈ എണ്ണപ്പെരുക്കം ഒരിക്കലും അതിന്റെ നിലവാരത്തെയോ സൗന്ദര്യത്തെയോ ബാധിക്കാതെ ഇന്നുമെന്നും കാലത്തെ വെല്ലുവിളിച്ചു നില്‍ക്കുക തന്നെ ചെയ്യും.

നമ്മുടെ ദേശീയ ഗാനത്തിന്റെ പിറവി ആ കാവ്യഭാവനയിലാണെങ്കിലും സങ്കുചിത ദേശീയ വാദത്തേയോ അതിന്റെ പേരിലുള്ള അധികാര പ്രയോഗത്തെയോ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ യാഥാസ്ഥിതികത്വങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. ലക്ഷ്യബോധവും സ്വാതന്ത്ര്യവുമുള്ള വ്യക്തികളെ അവരുടെ വൈവിദ്ധ്യങ്ങളോടെ ഉള്‍ക്കൊള്ളുന്നതാവണം സമൂഹമെന്നദ്ദേഹം വിശ്വസിച്ചു.

‘നിന്റെ വിളി ആരും കേള്‍ക്കുന്നില്ലെങ്കില്‍ ,ഒരു വാതായനങ്ങളും തുറക്കപ്പെടുന്നില്ലെങ്കില്‍ … നീ തനിയേ പോവുക .’
ദൂരദര്‍ശനിലൂടെ , ആകാശവാണിയിലൂടെ നമുക്ക് പരിചിതമായ’ഏക് ലാ ചലോ രേ..’ എന്ന ഗാനത്തിന്റെ ഏകദേശ മലയാളമാണത്. ഏത് ദുരിതകാലത്തും അതിജീവിക്കാവുന്ന ശുഭാപ്തി വിശ്വാസമാണീ കവിത.
‘എവിടെ നിര്‍ഭയം മര്‍ത്ത്യമാനസം !
മുക്തി തന്റെയാ സ്വര്‍ഗരാജ്യത്തിലേക്ക്
എന്റെ നാടൊന്നുയിര്‍ത്തെഴുന്നേല്‍ക്കണേ’
എന്ന് നിര്‍ഭയത്വത്തെ പ്രാര്‍ത്ഥിച്ച കവിയായിരുന്നു ടാഗോര്‍.

ഉപരിപ്ലവമായ ആവേശമായിരുന്നില്ല ടാഗോറിന്റെ വീക്ഷണത്തിലെ ഈ നിര്‍ഭയത്വവും മാറ്റത്തോടുള്ള താല്പര്യവും . പാരമ്പര്യത്തെയും സംസ്‌കൃതിയേയും ആഴത്തിലറിഞ്ഞ ധിഷണാശാലിയുടെ പക്വതയാര്‍ന്ന നിലപാടാണത്. ഒരേ സമയം ‘കാബൂളി വാല’ പോലൊരു കഥയിലെ നിഷ്‌കളങ്ക ബാല്യത്തിന്റെ പ്രസന്നതയും അനാദിയായ പ്രപഞ്ച സംഗീതത്തിന്റെ നിഗൂഢത പിടികിട്ടുന്നില്ലല്ലോ എന്ന ഗീതാഞ്ജലിയിലെ വിഷാദവുമായി ആ കാവ്യഭാവന ഭാവം പകര്‍ന്നു. ഇന്ത്യയുടെ കലാദര്‍ശന പാരമ്പര്യങ്ങളെയും മാറുന്ന ലോകത്തിന്റെ നവീനാശയങ്ങളെയും കണിശമായി അടയാളപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും.

ബ്രിട്ടീഷ് ഭരണവും ആധുനിക വിദ്യാഭ്യാസവും ചേര്‍ന്ന് സൃഷ്ടിച്ച പരിണാമത്തിന്റെ ദശാസന്ധിയാണ് ടാഗോറിന്റെ നോവല്‍ ഭൂമിക എന്ന് ഒറ്റ വാചകത്തിലെഴുതാം. എങ്കിലും അവയോരോന്നും വേറിട്ടു നില്‍ക്കുന്നു. യാഥാസ്ഥിതികകുടുംബ വ്യവസ്ഥയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയേണ്ടിവരുന്ന വ്യക്തികളെയും (പ്രത്യേകിച്ച് സ്ത്രീകളെ ) അവരനുഭവിക്കുന്ന പ്രണയവും സംഘര്‍ഷവും അവരുടെ ആന്തരികലോകങ്ങളുമെല്ലാം ആ നോവല്‍ ലോകത്ത് നാം കാണുന്നു.

‘ഡാക് ഘര്‍ ‘ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ‘അമന്‍’ എന്ന കുട്ടിയെ അത് വായിച്ചവര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഒരു സാംക്രമിക രോഗം പിടിപെട്ട് എല്ലാവരാലും ഒറ്റപ്പെട്ട് കഴിയുന്ന അമന് പുറംലോകവുമായുള്ള ഏക ബന്ധം ആ മുറിയുടെ ഇത്തിരിപ്പോന്ന കിളിവാതിലും അതിനു മുന്നിലെ പാതയുമാണ്. അതിലൂടെ വരുന്നവരോടവന്‍ സംസാരിക്കുന്നു. അവനറിയേണ്ടത് അവര്‍ വരുന്ന ഇടങ്ങളിലെ വിശേഷങ്ങളാണ് . ആ ഗ്രാമത്തിലൊരു തപാലാപ്പീസ് സ്ഥാപിതമാവുമ്പോള്‍ തനിക്ക് കത്തുകള്‍ വരുന്നതായി അമന്‍ ഭാവനയില്‍ കരുതുന്നു. ലോകം നിഷേധിക്കുന്ന സ്‌നേഹത്തെ സ്വപ്നങ്ങള്‍ കൊണ്ട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന അമന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ നമ്മുടെ കണ്ണു നനയ്ക്കും. ബംഗാളിയില്‍ എഴുതപ്പെട്ട ഈ നാടകത്തിന്റെ ഇംഗ്ലീഷ് മൊഴിമാറ്റമാണ് ആദ്യം അരങ്ങിലെത്തിയത്. പ്രശസ്ത കവിയും ഗീതാഞ്ജലി ഇംഗ്ലീഷ് പതിപ്പിന്റെ അവതാരികാകാരനുമായ ഡബ്ല്യു ബി. യേറ്റ്‌സിന്റെ ഉത്സാഹത്തില്‍ ലണ്ടനിലെ ഐറിഷ് തിയറ്ററില്‍ ആ നാടകം അരങ്ങേറി.

1913 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ടാഗോറിന് നേടിക്കൊടുക്കുന്നത് ഗീതാഞ്ജലിയാണ്. ബംഗാളിയിലെഴുതപ്പെട്ട ഗീതാഞ്ജലി അദ്ദേഹം തന്നെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. ഇംഗ്ലീഷ് വിവര്‍ത്തനത്തോടെ ലോകഭാഷകളിലേക്കും ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും ഗീതാഞ്ജലി ഒരു തരംഗമായി മൊഴിമാറ്റപ്പെട്ടു.
ജി.ശങ്കരക്കുറപ്പിന്റേതടക്കം നിരവധി മലയാള പരിഭാഷകള്‍ ഗീതാഞ്ജലിക്കുണ്ടായിട്ടുണ്ട്. പ്രമേയത്തിലും ഭാവുകത്വത്തിലും ഭിന്നത പുലര്‍ത്തുമ്പോഴും ആന്തരികമായി ഐകരൂപ്യം സൂക്ഷിക്കുന്ന 103 ഗീതങ്ങളുടെ സമാഹാരമാണത്. ദൈവത്തിനുള്ള അഞ്ജലിയാണ് ഈ ഗീതകങ്ങള്‍. ദേവാലയങ്ങളും പൗരോഹിത്യവും മതത്തിന്റെ ഘടനയുമെല്ലാം ചേര്‍ന്ന സാമ്പ്രദായിക ദൈവ സങ്കല്പമല്ല ടാഗോറിന്റേത്. ഭക്തിപ്രസ്ഥാനത്തിലും സൂഫി പാരമ്പര്യത്തിലുമെല്ലാമുള്ള അനുഭൂതിയും അന്വേഷണവുമാണ് ടാഗോറിനും ദൈവം. മീരയുടെ ഭജനകളിലും കബീര്‍ദാസിലും കനക/പുരന്ദര ദാസന്മാരിലുമെല്ലാം കാണുന്ന ദൈവസങ്കല്പം ടാഗോറിനേയും സ്വാധീനിച്ചിട്ടുണ്ട്. രക്ഷകനും ശിക്ഷകനുമായ അധികാരിയായല്ല , മറിച്ച് ജീവിത വിഷാദങ്ങള്‍ക്ക് തോളില്‍ തല ചായ്ക്കാവുന്ന സ്‌നേഹത്തിന്റെ സാന്നിദ്ധ്യമാണത്.

‘പ്രാണനുറക്കെ കേണീടുന്നൂ
പ്രഭോ പരാജിത നിലയില്‍ ” എന്ന് ദുഃഖിക്കുമ്പോഴും ‘പൂര്‍ണ്ണമായീലെങ്കിലുമീ ജീവിതത്തിന്റെ
പൂജയൊന്നും വ്യര്‍ത്ഥമായീലെന്നറിവൂ ഞാന്‍ ”
എന്ന ശുഭാപ്തി വിശ്വാസം നമ്മുടെ ഉള്ളില്‍ തെളിയിക്കുന്നു, ഗീതാഞ്ജലി. ഈ ശുഭാപ്തി വിശ്വാസത്തിന്റെ ബലത്തില്‍ മുള്ളുവേലികളും ബാരിക്കേഡുകളും മനുഷ്യ രക്തം പടരുന്ന മഞ്ഞുമലകളുമുള്ള നമ്മുടെ ദേശാതിര്‍ത്തികളിലേക്ക് ഞാന്‍ നോക്കുന്നു.

Share news
 • 16
 •  
 •  
 •  
 •  
 •  
 • 16
 •  
 •  
 •  
 •  
 •