HIGHLIGHTS : Qatar; It ranks 4th among the richest countries in the world

ഗ്ലോബല്‍ ഫിനാന്‍സ് ആണ് സമ്പന്ന, ദരിദ്ര രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഖത്തറിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വളരെ ഉയര്‍ന്ന അളവിലാണ്. 2014ലെ കണക്കു പ്രകാരം ഖത്തര്‍ പൗരന്മാരുടെ ആളോഹരി വരുമാനം 143222 ഡോളറാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ക്രമേണ ഇത് ഉയരുകയാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഖത്തറിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 4.9 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വന്‍ തോതിലുള്ള പ്രകൃതി വിഭവവും കുറഞ്ഞ ജനസംഖ്യയുമാണ് ഖത്തറിനെ സമ്പന്നരുടെ പട്ടികയില്‍ മുന്നിലെത്തിക്കുന്നത്. ഖത്തറിലെ മൊത്തം ജനങ്ങള്‍ 28 ലക്ഷമാണ്. വളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന നിയമ നിര്‍മാണങ്ങളും തൊഴില്‍ സാഹചര്യവും നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികളും ഖത്തര്‍ ആവിഷ്‌കരിക്കുന്നു. ഇതാണ് മറ്റു പ്രമുഖ രാജ്യങ്ങളുമായി കിടമല്‍സരം നടത്താനുള്ള ശേഷി ഖത്തര്‍ കൈവരിക്കാന്‍ കാരണം. ഖത്തറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 27 ശതമാനം വര്‍ധിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഖത്തറാണ്. അമേരിക്കന്‍ ഉപരോധം മൂലം റഷ്യ പ്രയാസപ്പെടുമ്പോള്‍ യൂറോപ്പിലേക്കുള്ള ഖത്തറിന്റെ കയറ്റുമതി വര്‍ധിച്ചിരിക്കുകയാണ്. എണ്ണ കയറ്റുമതിയില്‍ മെയ് മാസത്തേക്കാള്‍ ജൂണില്‍ 16 ശതമാനം വര്‍ധനവുണ്ടായി.

ഗള്‍ഫില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ഖത്തറിന്റേതാണെന്ന് അടുത്തിടെ ലോകബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജിഡിപിയും ആളോഹരി വരുമാനവും ഖത്തറില്‍ വരുന്ന 20 വര്‍ഷം ഉയര്‍ന്നുതന്നെ ഇരിക്കുമെന്ന വിവരവും ഗ്ലോബല്‍ ഫിനാന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും സമ്പന്ന രാജ്യം ഖത്തറാണ്. ശേഷം യുഎഇ, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. കൊവിഡിന് ശേഷം അതിവേഗം വളരുന്ന രാജ്യം ഖത്തറാണെന്ന ലോകബാങ്ക് റിപ്പോര്‍ട്ട് ഖത്തറിന് ആശ്വാസമാണ്.