ഖത്തറില്‍ സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ട

ദോഹ: ഇന്നുമുതല്‍ ഖത്തറിലെ വിദേശ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ കമ്പനി ഉടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. പ്രവാസി തൊഴിലാളികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസാനുമതിയും സംബന്ധിച്ച് 2015 ലെ തൊഴില്‍ നിയമത്തിലെ ഏതാനും വകുപ്പുകള്‍ ഭേദഗതി ചെയ്തത് അടിസ്ഥാനമാക്കിയുള്ള 2018 ലെ 13 ാം നമ്പര്‍ നിയമ പ്രകാരമാണിത്.

എന്നാല്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും പുതിയ നിയമം ബാധകമല്ലാത്തിനാല്‍ രാജ്യം വിടാന്‍ തുടര്‍ന്നും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമാണ്. സ്വകാര്യമേഖലാ കമ്പനികളുടെ ദൈനംദിന നടത്തിപ്പും ഭരണനിര്‍വഹണവമായി ബന്ധപ്പെട്ട് മാനേജര്‍, അക്കൗണ്ടന്റ് , പിആര്‍ഒ, തുടങ്ങിയ കമ്പനികളുടെ ഔദ്യോഗിക രേഖകളില്‍ ഒപ്പിടാന്‍ ചുമതലയുള്ളവര്‍ എന്നിവര്‍ക്ക് രാജ്യം വിട്ട് പോകാന്‍ ഇനിയും എക്‌സിറ്റ് പെര്‍മിറ്റ് വേണം. രാജ്യത്തെ എല്ലാ കമ്പനികളും ഈ വിഭാഗത്തില്‍ വരുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ഭരണവികസന-തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരുന്നു. തൊഴില്‍മന്ത്രാലയവും ആഭ്യന്ത്രമന്ത്രാലയവും ഇത് അംഗീകരിച്ചുകഴിഞ്ഞതാണ്.

അതെസമയം എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവരുടെയും ഇല്ലാത്തവരുടെയും പട്ടിക ഇനിയും കമ്പനികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ തങ്ങള്‍ ഏതുവിഭാഗത്തില്‍പ്പെട്ടവരാണെന്ന് പല തൊഴിലാളികള്‍ക്കും അറിയില്ല.