ദോഹ: ഖത്തറില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ 20 ദിവസം. മതിയായ രേഖകളില്ലാതെ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഒൗട്ട്പാസിനായി അപേക്ഷിക്കുന്നവരില്‍ നിന്ന് നേരത്തെ ഈടാക്കിയിരുന്ന 60 റിയാല്‍ ഫീസ് നിര്‍ത്തലാക്കിയ എംബസി , പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അംബാസഡര്‍പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്നവരും പൊതുമാപ്പിനെക്കുറിച്ച് ധാരണയില്ലാത്തവരുമായ ആളുകളെ കണ്ടത്തെി പ്രത്യേക രജിസ്ട്രേഷന്‍ ഫോം നല്‍കും.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ച് വരാനാവുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരമെന്ന് അംബാസഡര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി തേഡ് സെക്രട്ടറി ഡോ.മുഹമ്മദ് അലീം, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മറ്റി ലീഗല്‍ കണ്‍സള്‍ട്ടന്‍റ് കരിം അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു




