Section

malabari-logo-mobile

ഖത്തറില്‍ അപകടങ്ങളില്‍പ്പെടുന്നവരുടെ ഫോട്ടയും വീഡിയോയും പ്രചരിപ്പിക്കുന്നവര്‍ക്ക്‌ ശിക്ഷ

HIGHLIGHTS : ദോഹ: അപകടങ്ങളുടേയും അതില്‍ പെടുന്നവരുടേയും ഫോട്ടോകളും വവീഡിയോകളും ഓണ്‍ലൈനുകളില്‍ പങ്കുവെക്കുന്നതും നിയമവിരുദ്ധം.

cyber+crimeദോഹ: അപകടങ്ങളുടേയും അതില്‍ പെടുന്നവരുടേയും ഫോട്ടോകളും വവീഡിയോകളും ഓണ്‍ലൈനുകളില്‍ പങ്കുവെക്കുന്നതും നിയമവിരുദ്ധം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമവിദഗ്ധരാണ് മുന്നറിയിപ്പ് നല്കിയത്. ഇത്തരം നടപടികള്‍ വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും സ്വകാര്യതാ നിയമങ്ങളുടെ ലംഘനം ഖത്തറില്‍ ശിക്ഷ ക്ഷണിച്ചുവരുത്തുമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അപകടങ്ങളുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോകളും നവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് നിയമവിദഗ്ധര്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.
അപകടത്തിന്റെയും അപകടത്തില്‍ ഇരകളായവരുടെയും ദാരുണദൃശ്യങ്ങള്‍ ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം. അപകടത്തിനിരയായവരുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നവര്‍ക്കും അനുമതിയില്ലാതെ മറ്റുള്ളവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ഖത്തര്‍ ജുഡീഷ്യല്‍ സംവിധാനപ്രകാരം ശിക്ഷ ലഭിക്കുമെന്ന് ഖത്തര്‍ മുന്‍ നീതിന്യായമന്ത്രി ഡോ. നജീബ് അല്‍ നുഐമി പറഞ്ഞതായി പ്രമുഖ പ്രാദേശി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം സാഹചര്യങ്ങളെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാമെന്നും ജനങ്ങളുടെ പൗരാവകാശത്തിന്റെ ലംഘനമായും കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം കൊണ്ടുവന്ന സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വ്യക്തികളുടെ ജീവിതത്തിന്റെയോ കുടുംബ ജീവിതത്തിന്റെയോ പവിത്രതയെ ഹനിക്കുന്ന വിധത്തില്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നവര്‍ക്കും സാമൂഹ്യമൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നവര്‍ക്കും ഒരുലക്ഷം റിയാല്‍ പിഴയും മൂന്നു വര്‍ഷത്തെ തടവുമാണ് പ്രസ്തുത നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും ഉറവിടം എവിടെനിന്നാണെന്ന് മനസിലാക്കുന്നതില്‍ കുടുംബങ്ങളും വ്യക്തികളും ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് കേസുകള്‍ അധികമുണ്ടാകാത്തതെന്നും അദ്ദേഹം നിരീക്ഷിച്ചു.
അതേസമയം പരാതി ലഭിച്ചാല്‍ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് മറ്റൊരു നിയമവിദഗ്ധന്‍ മുഹമ്മദ് അല്‍ ഹജ്‌രി അറബിപത്രമായ അര്‍റായയോട് പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!