തിരുവന്തപുരം:പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീറിന് രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്പീക്കര്‍ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂര്‍ എംഎല്‍എ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നല്‍കുക. എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുന്‍കൂട്ടി കണ്ടാണ് അന്‍വറിന്റെ രാജി. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്.
അന്‍വര്‍ നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാന്‍ അന്‍വര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കൈകോര്‍ക്കല്‍.




