കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രാധാന്യം നല്‍കി പൊതു ഇടങ്ങള്‍ ഒരുക്കും;മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Public spaces will be prepared with priority given to children and the elderly; Minister Muhammad Riyaz

കോഴിക്കോട്:കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രാധാന്യം നല്‍കി പൊതു ഇടങ്ങള്‍ നിര്‍മിക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരണം പൂര്‍ത്തിയാക്കിയ കൊളത്തറ റഹിമാന്‍ ബസാറിലെ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മികച്ച രീതിയില്‍ പൊതു ഇടങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണ്. ഇതോടെ കേരളത്തിലെ ടൂറിസം കാഴ്ചപ്പാടുകള്‍ മാറും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഒരു വേദി മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ പാര്‍ക്ക് ആയിരിക്കും. ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിന്റെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ചെറുവണ്ണൂര്‍ കമ്യൂണിറ്റി ഹാള്‍ നവീകരിക്കാന്‍ ടൂറിസം വകുപ്പ് രണ്ടര കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി സി രാജന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ പി കെ പാറക്കടവ് മുഖ്യാതിഥിയായി. വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ പ്രേമലത തെക്കുവീട്ടില്‍, പി ഷീബ, എം പി ഷഹര്‍ബാന്‍, ടി മൈമൂനത്ത്, റഫീന അന്‍വര്‍, അജീബബീവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1.45 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഓപണ്‍ എയര്‍ ആന്‍ഡ് റൂഫിങ് സ്റ്റേജ്, പ്രവേശന കവാടം, ഇരിപ്പിടങ്ങള്‍, കഫറ്റീരിയ, ഇന്റര്‍ലോക്കിങ്, ലാന്‍ഡ്‌സ്‌കേപ്പിങ്, ലൈബ്രറി ബില്‍ഡിങ് നവീകരണം എന്നിവ ഉള്‍പ്പെടുത്തിയാണ് സൗന്ദര്യവത്കരിച്ചത്. ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന മുല്ലവീട്ടില്‍ അബ്ദുറഹ്‌മാന്റെ പേരിലുള്ളതാണ് പാര്‍ക്ക്. പാര്‍ക്കിന്റെ തുടര്‍പരിപാലന ചുമതല കോര്‍പ്പറേഷന്‍ നിര്‍വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!