ഭിന്നശേഷി വിഭാഗത്തിലെ 1204 പേരെ സ്‌കൂളുകളില്‍ നിയമിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

HIGHLIGHTS : Public Education Minister Sivankutty said that 1204 persons with disabilities have been appointed in schools.

കോഴിക്കോട്:ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേര്‍ക്ക് സ്‌കൂളുകളില്‍ നിയമനം നല്‍കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ 2023 ഡിസംബര്‍ 31 വരെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്ന ഉത്തരമേഖല ഫയല്‍ അദാലത്ത്
നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha-malabarinews

വിദ്യാഭ്യാസ വകുപ്പില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയല്‍ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘എറണാകുളത്ത് നടന്ന അദാലത്തില്‍ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തില്‍ 692 ഫയലുകളും തീര്‍പ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് അദാലത്ത് തീര്‍പ്പാക്കുന്നത്,’ മന്ത്രി വ്യക്തമാക്കി.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1204 ഭിന്നശേഷിക്കാരെ സ്‌കൂളുകള്‍ നിയമിച്ചു.
വയനാട് ജില്ലയ്ക്ക് വേണ്ടി ഉത്തരമേഖല അദാലത്തില്‍
ഹെല്‍പ്പ്ഡസ്‌ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

മേഖലകള്‍ തിരിച്ചുള്ള അദാലത്തിനുശേഷം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകള്‍
നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ വലിയൊരളവുവരെ തീര്‍പ്പാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിര്‍മ്മിതി ബുദ്ധി ആദ്യമായ് വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവന്ന സംസ്ഥാനമാണ്
കേരളമെന്ന്
പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിലെ ഫയലുകളുടെ
പ്രത്യേകത അതിസങ്കീര്‍ണമാണെന്നുള്ളതാണ്.
എന്നാല്‍, എറണാകുളത്തും കൊല്ലത്തും നടന്ന അദാലത്തുകളില്‍
വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് ഫയലുകളാണ് തീര്‍പ്പാക്കിയത്. ഇത് വളരെ പോസിറ്റീവായ സമീപനമാണ്.

30,000 നിയമങ്ങളാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പില്‍ നടന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.

പരിപാടിയില്‍ വെച്ച് പത്തോളം
അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി നിയമന ഉത്തരവ് നേരില്‍ കൈമാറി. ഇതിനുപുറമേ 20 വര്‍ഷമായി കെട്ടിക്കിടന്നിരുന്ന, മലപ്പുറം മങ്കട സ്‌കൂളിലെ വിരമിച്ച പ്രധാന അധ്യാപകന്റെ പെന്‍ഷന്‍ സംബന്ധിച്ച കാര്യങ്ങളും തീര്‍പ്പാക്കിയുള്ള ഉത്തരവും കൈമാറി.

ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അദാലത്തില്‍ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

മേയര്‍ ബീന ഫിലിപ്പ്,
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ,
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി രേഖ, മുന്‍ എംഎല്‍എ എ പ്രദീപ്കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് സ്വാഗതവും
വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ആര്‍ എസ് ഷിബു നന്ദിയും പറഞ്ഞു.

പരിപാടിയില്‍ വെച്ച് പ്രൈവറ്റ് ഏജന്റ്‌സ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

അദാലത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാല് ജില്ലകള്‍ക്കും വേണ്ടി പ്രത്യേക ഫ്രണ്ട് ഓഫീസ്, സഹായ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫയലിന്റെ സ്വഭാവമനുസരിച്ച് ടോക്കണ്‍ കൊടുത്തു അതാത് വിഭാഗത്തിലേക്ക് നയിക്കും.
ഹയര്‍സെക്കന്‍ഡറി സംബന്ധിയായ ഫയലുകളുടെ തീര്‍പ്പാക്കലിന് സ്‌കൂളിലെ ഒന്നാം നിലയിലാണ് സൗകര്യമൊരുക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!