തിരുവനന്തപുരം: വിവാദമായ പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ കുറ്റപത്രം കോടതി മടക്കി. രേഖകള്‍ വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതല്‍ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു.
2018 ജൂലൈയില്‍ നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവര്‍ക്ക് ലഭിച്ചത് ഉയര്‍ന്ന റാങ്കായിരുന്നു. ഒന്നും രണ്ടും 28 ആം റാങ്കുമായിരുന്നു പ്രതികള്‍ക്ക് കിട്ടിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് കോപ്പിയടി പുറത്തായത്.
പരീക്ഷ എഴുതിയവര്‍ കെട്ടിയിരുന്ന സ്മര്‍ട്ട് വാച്ച് വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചത്. സംസ്‌കൃത കോളജിലിരുന്ന സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, പൊലിസുകാരന്‍ ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് ഉത്തരങ്ങള്‍ സന്ദേശങ്ങളായി സ്മാര്‍ട്ട് വാച്ചിലേക്ക് അയച്ചു.
പരീക്ഷ ഹാളില്‍ ജോലി ചെയ്തിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതിയാക്കിയിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇവരുടെ പേര് ഒഴിവാക്കി. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
കേസില്‍ അന്വേഷണമെല്ലാം പൂര്‍ത്തിയായിട്ടും ഫൊറന്‍സിക് പരിശോധന ഫലം വൈകുന്നുവെന്ന് പൊലീസ് ചൂണ്ടികാട്ടി കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




