ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി

ലേ: സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ലേ മേഖലയില്‍ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ഓഫീസ് കത്തിക്കുകയും ചെയ്തു. ലഡാക്കില്‍ സമ്പൂര്‍ണ്ണ ബന്ദ് അഹ്വാനം ചെയ്യാനാണ് പ്രതിഷേധക്കാരുടെ നീക്കം. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതേ ആവശ്യത്തില്‍ ലേയില്‍ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്ചുക്, ഇന്ന് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കില്‍ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത്.

കാര്‍ഗില്‍ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാര്‍ഗിലി , ലേയിലെ സംഭവവികാസങ്ങളെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. സര്‍ക്കാരിന്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരു കാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.ചര്‍ച്ചകള്‍ പുനഃരാരംഭിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂള്‍ എന്നീ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top