കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പമാണെന്നും സഹായം എത്രയും വേഗം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നല്‍കി. വയനാട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് മോദിയുടെ പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈ ദുരന്തത്തില്‍ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും കണ്ടശേഷമാണ് വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്.
ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്പും സന്ദര്‍ശിച്ച പ്രധാനമന്ത്രി ക്യാമ്പില്‍ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു. ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തില്‍ പരിക്കേറ്റവരെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.




