
വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസില്‍ നിന്നും നടത്തിയ ടെലഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്ക്കിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയ്ക്ക് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ ലഭിച്ചത്.
സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയില്‍ ഇസ്രയേല്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും സാധാരാണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിന്റെ വാദം.
ഇസ്രയേല്‍ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രസിഡന്റുമായി ഖത്തര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇസ്രയേല്‍ ആക്രമണത്തെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ലോക രാജ്യങ്ങള്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് അവരെ ശിക്ഷിക്കണമെന്നുമാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ ആവശ്യം.
‘ലോകരാജ്യങ്ങള്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഇസ്രയേല്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അവരെ ശിക്ഷിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ സഹോദരങ്ങളായ പലസ്തീന്‍ ജനതയെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. എന്നാല്‍ അതിനായി നടത്തുന്ന യുദ്ധം ഗുണം ചെയ്യില്ലെന്ന് ഇസ്രായേല്‍ മനസ്സിലാക്കണം’ എന്നാണ് അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി പറഞ്ഞത്.



