സ്‌നേഹവും പരിരക്ഷയും നല്‍കുന്ന സ്ഥാപനങ്ങളാകണം പ്രീസ്‌കൂളുകള്‍: മന്ത്രി വി ശിവന്‍കുട്ടി

ശിശുപ്രകൃതത്തെ അംഗീകരിച്ചുകൊണ്ട് കുട്ടികളോടുള്ള വൈകാരികമായ അടുപ്പവും സ്നേഹവും പരിരക്ഷയും പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളായിട്ടാണ് പ്രീസ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കോള്‍ കേരള – ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ് എജ്യുക്കേഷന്‍ കേരളയുടെ നേതൃത്വത്തില്‍ പ്രീസ്‌കൂള്‍ മേഖലയില്‍ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാര്‍ത്തെടുക്കുന്നതിനായാണ് ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് എന്ന പുതിയ കോഴ്‌സ് ആരംഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ നാലാം നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് ഈ കോഴ്സ് ആരംഭിക്കുന്നത്. ശൈശവകാല പരിചരണവും വികാസവും മുന്‍നിര്‍ത്തി ശാസ്ത്രീയമായ പ്രീസ്‌കൂള്‍ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കിവരികയാണ്. അതുകൊണ്ടുതന്നെ പ്രീസ്‌കൂള്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ശിശുവികാസത്തിന്റെയും പരിപാലനത്തിന്റെയും അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് അറിവുള്ളവരാകണം.

സമൂഹത്തിലെ വിഭവങ്ങളെ കുട്ടികള്‍ക്ക് വേണ്ടി ഏകോപിപ്പിക്കാനും കുട്ടികളുടെ അവകാശങ്ങളെ സ്നേഹത്തിന്റെ ഭാഷയിലൂടെ വ്യാഖ്യാനിക്കാനും അതിനനുസൃതമായി പെരുമാറുവാനും കഴിവുള്ളവരാകണം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തലമായി പരിഗണിക്കുന്നത് 3 മുതല്‍ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന പ്രീസ്‌കൂള്‍ / അങ്കണവാടികളെയാണ്. അധ്യാപികമാരും ആയമാരും ഉള്‍പ്പെടുന്ന ജീവനക്കാരാണ് പ്രീസ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സവിശേഷമായ സേവന പൂര്‍വ്വകാല പരിശീലനം ലഭിച്ച അധ്യാപികമാരാണ് പ്രീസ്‌കൂള്‍ സ്ഥാപനങ്ങളില്‍ സേവനം നല്‍കുന്നത്. എന്നാല്‍ പ്രീസ്‌കൂള്‍ കുട്ടികളുടെ ആരോഗ്യ ശുചിത്വ കാര്യങ്ങള്‍, പരിചരണം, സംരക്ഷണം, വികാസം എന്നിവയ്ക്കായി പൂര്‍ണസമയവും അധ്യാപകരോടൊപ്പം ചെലവിടുന്ന ആയമാര്‍ക്കായി ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പ്രത്യേക സേവന പൂര്‍വ്വകാല പരിശീലന സംവിധാനങ്ങള്‍ നിലവിലില്ല. സംസ്ഥാനത്തെ പ്രീസ്‌കൂള്‍ വിദ്യാഭ്യാസ മേഖല കൂടുതല്‍ സര്‍ഗ്ഗാത്മകമാകാന്‍ പരിശീലനം സിദ്ധിച്ച ആയമാരും അനിവാര്യമാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇവയെല്ലാം പരിഗണിച്ചുകൊണ്ടാണ് ശിശു പരിപാലക തസ്തികയില്‍ സേവനം നല്‍കുന്നതിനുള്ള അടിസ്ഥാന യോഗ്യത നിശ്ചയിച്ച് ഒരു പുതിയ ഡിപ്ലോമാ കോഴ്സ് സ്‌കോള്‍-കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. പ്രീസ്‌കൂള്‍ ആയമാര്‍ക്ക് തൊഴില്‍പരമായ ശേഷികളും ധാരണകളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിനായി രൂപകല്പന ചെയ്യുന്ന ഈ കോഴ്സ് ഡിപ്ലോമാ ഇന്‍ ചൈല്‍ഡ്കയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് എന്ന് അറിയപ്പെടുന്നു.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തിക്ക് ശിശുപരിപാലക തസ്തികയില്‍ സേവനം നല്‍കുന്നതിനുള്ള സമഗ്രമായ അനുഭവങ്ങള്‍ ഈ കോഴ്സിലൂടെ ലഭിക്കും. കുട്ടികളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയും അവരെ പരിചരിച്ചും ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയും സേവനം നല്‍കുന്നവരാണ് ആയമാര്‍. പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അനിവാര്യമായ മികച്ച സേവന ദാതാക്കളായ ശിശുപരിപാലകരെ രൂപപ്പെടുത്തുക എന്നത് പൊതുസമൂഹത്തിന്റെ ആവശ്യം കൂടിയാണ്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ മാതൃകയാണ്. അടിസ്ഥാന സൗകര്യവികസനത്തിലും അക്കാദമിക പ്രവര്‍ത്തനങ്ങളിലും നാം ഒന്നാം സ്ഥാനത്താണ്. സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണവും അതിനനുസൃതമായ പാഠപുസ്തകങ്ങളും കേരളം തയ്യാറാക്കിക്കഴിഞ്ഞു. ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ്സ്റൂമുകളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഗുണമേന്‍മ ഉറപ്പാക്കി ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നാം ആരംഭിച്ചുകഴിഞ്ഞു.

സര്‍ക്കാര്‍ ഏറ്റവുമധികം പ്രാമുഖ്യം നല്‍കുന്ന മേഖലയാണ് പ്രീസ്‌കൂള്‍ തലം. പൊതുവിദ്യാഭ്യാസവകുപ്പ് ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ ഇക്കാലയളവില്‍ നടപ്പാക്കിയിട്ടുമുണ്ട്.

സമഗ്രശിക്ഷ കേരളം ഏറ്റെടുത്ത് നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരം പദ്ധതിയും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. പ്രീസ്‌കൂള്‍ അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം എല്ലാ വര്‍ഷവും നല്‍കി വരുന്നുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയമാര്‍ക്കും ശാസ്ത്രീയമായി പരിശീലനം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സ്‌കോള്‍-കേരള ആരംഭിക്കുന്ന പുതിയ കോഴ്സ് നിലവില്‍ സേവനമനുഷ്ഠിക്കുന്ന ആയമാര്‍ക്കും ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. ശിശുപരിപാലക മേഖല കൂടുതല്‍ കരുത്തുറ്റതാക്കാന്‍ എല്ലാവരും ഈ കോഴ്‌സ് പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.

മോഡ്യൂള്‍, കൈപ്പുസ്തക പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതമാശംസിച്ചു. സ്‌കോള്‍-കേരള വൈസ് ചെയര്‍മാന്‍ ഡോ. പി പ്രമോദ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ. ആര്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ.ആര്‍ കെ ജയപ്രകാശ്,സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ്, വിദ്യാകിരണം പദ്ധതി അസി. കോഡിനേറ്റര്‍ ഡോ.സി രാമകൃഷ്ണന്‍, സ്‌കോള്‍-കേരള ഡയറക്ടര്‍ അഞ്ജന എം.എസ്, സ്‌കോള്‍-കേരള ഡയറക്ടര്‍ ഹാന്റ ഡി. ആര്‍ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top