മൂന്നിരട്ടിയിലധികം വിളവ് നല്‍കുന്ന കൃത്യത കൃഷിക്ക് പേരാമ്പ്ര സീഡ് ഫാമില്‍ തുടക്കമായി

കോഴിക്കോട്:പച്ചക്കറി വിളകളില്‍ ഉത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കൃത്യത കൃഷിക്ക് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ തുടക്കമായി. ഒരു ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ശാസ്ത്രീയമായി കൃഷിയിടം തയ്യാറാക്കി അടിവളങ്ങളും ജൈവ വളവും നല്‍കിയ ശേഷം തുള്ളിനന സമ്പ്രദായത്തിലൂടെ വെള്ളവും വളവും നല്‍കുകയും പ്ലാസ്റ്റിക്ക് പുതയിടീലും അനുവര്‍ത്തിക്കുന്ന രീതിയാണ് കൃത്യത കൃഷി.

വെള്ളത്തില്‍ ലയിപ്പിക്കുന്ന വളങ്ങള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തിനനുസരിച്ച് പോഷക മൂലകങ്ങളുടെ തോത് നിശ്ചയിച്ച് നല്‍കുന്നു. ഇത്തരത്തില്‍ നല്‍കുന്നതിലൂടെ പോഷക മൂലകങ്ങള്‍ നേരിട്ട് വേരു പടലങ്ങളില്‍ എത്തുകയും ചെടി അവ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. തുള്ളി നനയിലൂടെ ആവശ്യമായ വെള്ളം കൃത്യമായ അളവില്‍ നല്‍കാനും ജലം ലാഭിക്കാനും സാധിക്കുന്നു. ഈ രീതിയിലൂടെ ഉല്പാദനം പരമ്പരാഗത രീതിയെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.

കര്‍ഷകര്‍ക്ക് വന്ന് കണ്ട് പഠിക്കാനുള്ള ഒരു പ്രദര്‍ശന തോട്ടം എന്ന നിലയില്‍ കൂടിയാണ് തോട്ടം സജ്ജമാക്കിയിരിക്കുന്നതെന്ന് പേരാമ്പ്ര ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് വിശദീകരിച്ചു. പാവല്‍, പടവലം, വെള്ളരി മത്തന്‍, കുമ്പളം, വഴുതന, ചീര എന്നിങ്ങനെയുള്ള വിളകളാണ് ഈ നൂതന മാര്‍ഗത്തില്‍ കൃഷി ഫാമില്‍ ചെയ്തിരിക്കുന്നത്. ഗുണമേന്മയുള്ള വിത്തുകള്‍ ഉല്പാദിപ്പിക്കുന്നതിനും കൃത്യത കൃഷി രീതി സഹായിക്കുന്നു. പോളി ഹൗസുകളിലും തുറസ്സായ സ്ഥലത്തും നടത്താം എന്നതാണ് ഈ കൃഷി രീതിയുടെ പ്രത്യേകത.

 

Share news
error: Content is protected !!
Scroll to Top