Section

malabari-logo-mobile

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണം

HIGHLIGHTS : Popular front hartal widely attacked in the state

തിരുവനന്തപുരം: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍തന്നെ സംസ്ഥാനത്ത് വ്യാപക ആക്രമണം. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയ ഏതാനും ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരില്‍ ഹര്‍ത്താലനുകൂലികള്‍ ബൈക്ക് യാത്രക്കാരന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഹര്‍ത്താലനുകൂലികള്‍ യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പോലീസിന്റെ ബൈക്കില്‍ ഹര്‍ത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ആക്രമണം നടത്തിയത് കൂട്ടിക്കട സ്വദേശിയായ ഷംനാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

sameeksha-malabarinews

കോഴിക്കോട് കുറ്റിക്കാരില്‍ വാഹനത്തിന് നേരെ കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താമരശ്ശേരിയില്‍ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്, ലോറിയുടെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. കണ്ണൂരില്‍ രണ്ട് ലോറികളുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എടുത്തുകൊണ്ടുപോയത് ഗതാഗത തടസത്തിന് ഇടയാക്കി.

കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപവും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് നടക്കാവില്‍ ഹോട്ടലിന് നേരെ ആക്രമണമുണ്ടായി. ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ത്തു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ഹോട്ടലിന്റെ ചില്ലു തകര്‍ത്തത്.

കണ്ണൂര്‍ വളപട്ടണത്ത് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനുനേരെ കല്ലേറുണ്ടായി. പത്തനംതിട്ട സ്വദേശിനി അനഘ, മാവിലായി സ്വദേശിനി പ്രസന്ന എന്നീ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കൊല്ലൂരിലേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

പുതുപൊന്നാനി ചാവക്കാട് ദേശീയപാതയില്‍ വെളിയങ്കോട് ലോറിക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. ലോറിയുടെ മുന്നിലെ ചില്ല് തകര്‍ന്നു. പോലീസ് എത്തുമ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ ഓടിരക്ഷപ്പെട്ടു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍ത്താല്‍ അനുകൂലികളായ 12 പേരെ കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ട്.

കരുനാഗപ്പള്ളിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ തുറന്നുപ്രവര്‍ത്തിച്ച കട ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. 15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി പതുരുത്തിയില്‍ വഴി തടഞ്ഞ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് വിരട്ടി ഓടിച്ചു. വാഹനം തടഞ്ഞ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. നൂറോളം പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഈ പ്രദേശത്ത് സജീകരിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!