പൊന്നാനി:പൊന്നാനിയുടെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന ‘പൊന്നാനി കള്‍ച്ചറല്‍ ഫെസ്റ്റ് 2025’ന് ശനിയാഴ്ച എരമംഗലത്ത് തുടക്കമായി.
കോതമുക്ക് പി.വി റീജന്‍സിയില്‍ നടന്ന കൊളാടി ബാലകൃഷ്ണന്‍ അനുസ്മരണ സാംസ്‌കാരിക സദസ്സ് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു.
നവോത്ഥാനത്തിന്റെ ഏടുകളില്‍ നിന്ന് മാഞ്ഞുപോയ പേരാണ് കൊളാടി ഉണ്ണി എന്ന കൊളാടി ബാലകൃഷ്ണനെന്ന് വി.കെ ശ്രീരാമന്‍ അനുസ്മരിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച, അവരെ പുരോഗമന പാതയില്‍ എത്തിക്കാന്‍ പരിശ്രമിച്ച അദ്ദേഹത്തിന് മന്ത്രി പദം അലങ്കരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കേരളം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകുമായിരുന്നെന്നും അദ്ദേഹത്തിന്റെ സംഭാവനകളെ സ്മരിക്കാനുള്ള തീരുമാനം ഏറെ പ്രശംസനീയമാണെന്നും ശ്രീരാമന്‍ പറഞ്ഞു.
പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.പൊന്നാനിയിലെ സാമൂഹ്യ- രാഷ്ട്രീയ ഭൂമികയില്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനം നടത്തിയ മഹാരഥന്മാരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് സാംസ്‌കാരിക സദസ്സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊളാടി ബാലകൃഷ്ണനെ കുറിച്ച് പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് തയ്യാറാക്കിയ ‘വന്നേരിയുടെ വെളിച്ചം’ എന്ന ഓര്‍മ്മ പുസ്തകത്തിന്റെ പ്രകാശനവും വി.കെ ശ്രീരാമന്‍ നിര്‍വഹിച്ചു. അജിത് കൊളാടി പുസ്തകം ഏറ്റുവാങ്ങി. ‘ ചരിത്രത്തിലെ വന്നേരി നാട് ‘എന്ന വിഷയത്തില്‍ ഡോ. കെ.എന്‍ ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം സിദ്ദിഖ്, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൈദ് പുഴക്കര തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കൊളാടി ബാലകൃഷ്ണന്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ‘മുന്‍പേ നടന്ന കലാപകാരി’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും കെ. ദാമോദരന്‍ രചിച്ച പാട്ട ബാക്കി എന്ന നാടകവും അരങ്ങേറി.
ഒക്ടോബര്‍ 4,5 തീയതികളിലായി സാംസ്‌കാരിക സദസ്സ് പൊന്നാനിയിലും ചങ്ങരംകുളത്തും നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



