പൊന്നാനി ; പുതുപൊന്നാനി അഴിമുഖത്ത് മത്സ്യ ബന്ധന യാനങ്ങള്‍ക്ക് തടസമായി നില്‍ക്കുന്ന മണല്‍തിട്ടകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുടക്കം. അഴിമുഖത്തിന്റെ ആഴവുംഅടിഞ്ഞു കൂടിയ മണലിന്റെ തോതും സര്‍വേ നടത്തി
തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
അഴിമുഖത്ത് ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ആഴം കൂട്ടാനാണ് പ്രാഥമിക ധാരണയായത്. ഇതിന്റെ ഭാഗമായി ഈ മാസം 22, 23 തീയതികളില്‍ ഹൈഡ്രോ ഗ്രാഫിക് വിഭാഗം സര്‍വേ നടത്തും.
തുടര്‍ന്ന് സര്‍വേ റിപ്പോര്‍ട്ട് എം.എല്‍.എക്ക് നല്‍കും. അഴിമുഖത്തെ മണല്‍തിട്ട നീക്കം ചെയ്ത് കരാറുകാരന്‍ തന്നെ മണല്‍ വില്‍പ്പന ചെയ്ത് തുക സര്‍ക്കാറിലേക്ക് അടക്കാനാണ് തീരുമാനം. അഴിമുഖത്ത് ജലം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും അഴിമുഖത്ത് അടിഞ്ഞുകൂടി കിടക്കുന്ന കല്ലുകള്‍ നീക്കം ചെയ്യണമെന്നും നാട്ടുകാരും മത്സ്യ തൊഴിലാളികളും ആവശ്യപ്പെട്ടു.
ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാജീവ്, അസി.എഞ്ചിനീയര്‍ ജോസഫ് ജോണ്‍, ഹൈഡ്രോ ഗ്രാഫിക് മറൈന്‍ സര്‍വ്വേയര്‍ ഷല്‍ബി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
നഗരസഭാ കൗണ്‍സിലര്‍മാരായ എ ബാസിഷ, സി.കെ ഷാഹുല്‍, അബൂബക്കര്‍,ഹൈദരാലി, എം.എല്‍.എ. പ്രതിനിധി സാദിഖ് എന്നിവരും പങ്കെടുത്തു.




