Section

malabari-logo-mobile

പൊന്‍മുടിയില്‍ സാഹസിക വിനോദത്തിന് തുടക്കമാകുന്നു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. കടുത്ത വേനലിൽ പോലും തണ...

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി പൊന്മുടിയെ മാറ്റിയെടുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സമഗ്ര പദ്ധതി. കടുത്ത വേനലിൽ പോലും തണുത്ത കാറ്റ് വീശിയടിക്കുന്ന പൊന്മുടിയിൽ സാഹസിക വിനോദത്തിനും കൂടി അവസരം ഒരുക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ തീരുമാനം. ഒപ്പം നിലവിലെ പൊന്മുടിയിലെ ദുരവസ്ഥയ്ക്കും പരിഹാരമുണ്ടാക്കും.

വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ച്ച സമ്മാനിക്കുന്ന ‘വാച്ച് ടവർ ‘ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. വനം വകുപ്പും, വിനോദ സഞ്ചാര വകുപ്പും തമ്മിലുള്ള ശീതസമരമാണ് പൊന്മുടിക്ക് ശാപമായിരുന്നത്. ബജറ്റിൽ വകയിരുത്തപ്പെട്ട പണം പോലും ഇക്കാരണത്താൽ ചെലവഴിക്കാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും വനം മന്ത്രി കെ.രാജുവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി പൊന്മുടി സന്ദർശിച്ച് നടത്തിയ കൂടിക്കാഴ്ച്ച പൊന്മുടിക്ക് സുവർണകാലം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നതായി.

sameeksha-malabarinews

പൊന്മുടിയിൽ എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് അപ്പർ സാനട്ടോറിയത്തിലെ പ്രകൃതി ഭംഗിയും , കുളിർമയും കുറച്ചു നേരം അനുഭവിക്കാമെന്നതിനപ്പുറം ഒരു ദിവസം ചെലവഴിക്കാനുള്ള വിനോദമാർഗങ്ങൾ ഒന്നുമില്ലെന്നുള്ള അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. അഡ്വഞ്ചർ ടൂറിസത്തിന് വിപുലമായ സാധ്യതയാണ് പൊന്മുടിയിൽ ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. പ്രകൃതി സൗഹൃദ രീതിയിൽ വനനിയമങ്ങൾ പാലിച്ചുകൊണ്ടുള്ള പദ്ധതികൾ പൊന്മുടിയിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വാച്ച് ടവർ പുനരുദ്ധാരണത്തിനുള്ള പണം ടൂറിസം വകുപ്പ് വനം വകുപ്പിന് നൽകും.

കുട്ടികൾക്കായി നവീന രീതിയിലുള്ള പാർക്കുമുണ്ടാക്കും. ഡിടിപിസിയുടെ ചെലവിൽ സിപ് ലെയ്ൻ (zip lane), മൗണ്ടൻ ക്ലിമ്പിംഗ് (mountain climbing), മൗണ്ടൻ ബൈക്കിംഗ് (mountain biking) തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് സൗകര്യമുണ്ടാക്കും. പൊന്മുടിയുടെ പ്രകൃതിസംരക്ഷണത്തിന് ഊന്നൽ കൊടുത്ത് വനവികസന സമിതിയുടെ പിന്തുണയോടെയാണ് വികസന പ്രവർത്തനങ്ങൾ നടത്തുക. അപ്പർ സാനിട്ടോറിയത്തിൽ മേഘാലയൻ മാതൃകയിൽ പ്രകൃതി സൗഹൃദ രീതിയിലാകും സന്ദർശകർക്കുള്ള വിശ്രമയിടങ്ങൾ ഒരുക്കുക.

കല്ലാറിൽ നിന്നും പൊന്മുടിയിലേക്ക് ട്രക്കിംഗ് നടത്തുന്നതിന് ടെന്റ് സൗകര്യം ഉൾപ്പെടെ ഒരുക്കും. കല്ലാർ , മങ്കയം വെള്ളച്ചാട്ടം, ബ്രൈമൂർ, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള സമഗ്ര വിനോദ സഞ്ചാര പദ്ധതി പൊന്മുടി കേന്ദ്രമാക്കി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലവിൽ മന്ദഗതിയിലായ പുതിയ ഗസ്റ്റ് ഹൗസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി. പൊന്മുടി അപ്പർ സാനിട്ടോറിയത്തിൽ വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് ഉടൻ ഭരണാനുമതി ലഭ്യമാക്കും. സൗകര്യമുള്ള പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമായാൽ മുഴുവൻ സമയവും വനിതാ പോലീസിന്റെ സാന്നിദ്ധ്യം കൂടി പൊന്മുടിയിൽ ഉണ്ടാകും.

ഡി.കെ മുരളി എം എൽ എയെ ചെയർമാനാക്കി പൊന്മുടി ടൂറിസം ഡസ്റ്റിനേഷൻ കമ്മിറ്റി ഉടൻ നിലവിൽ വരും. പൊന്മുടിയിൽ റോപ് വേ ഉണ്ടാക്കണമെന്ന നിർദ്ദേശവും വിനോദ സഞ്ചാര വകുപ്പ് പരിഗണിക്കുന്നുണ്ട്. വനനിയമം പാലിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാ പിന്തുണയും വനം മന്ത്രി കെ.രാജു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാഗ്ദാനം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!