HIGHLIGHTS : Police file case against Plus One student for assault
തിരൂരങ്ങാടി: തെയ്യാലിങ്ങള്‍ എസ്.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ താനൂര്‍ പൊലിസ് കേസ്സെടുത്തു.സ്‌കൂളിലെ ആന്റി റാഗിങ് കമ്മറ്റിയുടെയും സ്‌കൂള്‍ അധികൃതരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടിഞ്ഞി തിരുത്തിയിലെയും,നന്നമ്പ്ര പ്രദേശത്തെയും ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് റാഗിങ് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്തത്. മര്‍ദ്ദിച്ച വിദ്യാര്‍ഥികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധ്യാപകര്‍ കേസിനുവേണ്ട നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കൊടിഞ്ഞി കടുവാളൂര്‍ മങ്കട അബ്ദുറഷീദിന്റെ മകനുമായ മുഹമ്മദ് സിനാന്‍(18)നെയാണ് കഴിഞ്ഞ എട്ടാം തിയ്യതി വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്.തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ സിനാനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
റാഗ്ചെയ്യാനുള്ള ശ്രമത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുതള്ളി താഴെയിട്ട് മാരകമായ ആയുധംപോലുള്ള സാധനംകൊണ്ട് ഇടിക്കുകയായിരുന്നുവത്രെ.
അതേസമയം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് പ്രസ്തുത സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി കൊടിഞ്ഞി ചെറുപ്പാറ പി.പി കബീറിന്റെ മകന്‍ റസില്‍(17)നെ പ്ലസ്-ടു വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് റാഗ് ചെയ്തതായും മര്‍ദ്ദിച്ചതായും പരാതിയുണ്ട്.സംഭവത്തില്‍ താനൂര്‍ പൊലിസില്‍ പരാതിനല്‍കിയിട്ടുണ്ട്.