കല്‍പ്പറ്റ:വയനാട്ടില്‍ ആറംഗ ക്വട്ടേഷന്‍ കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. സംഘം മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത ശേഷം കേരളത്തിലേക്ക് കടക്കുകയായിരുന്നു. പാലക്കാട് സ്വദേശികളായ പ്രതികളെ വയനാട് പോലീസ് മഹാരാഷ്ട്ര പോലീസിന് കൈമാറി.
കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം കഞ്ഞിക്കുളം അജിത് കുമാര്‍(27), പോല്‍പുള്ളി പാലാനംകുറിശ്ശി സുരേഷ്(47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസില്‍ വിഷ്ണു(29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം തോണിപാടം കലാധരന്‍(33) എന്നിവരെയാണ് ഹൈവേ പോലീസും കല്‍പ്പറ്റ പോലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ ശനിയാഴ്ച ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ ഉള്‍പ്പെടെ ശനിയാഴ്ച രാത്രി കൈനാട്ടിയില്‍ വെച്ച് പിടികൂടിയത്.
മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണിവര്‍. പ്രതികള്‍ വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. പിടിയിലായവരെല്ലാം തന്നെ കവര്‍ച്ച, വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ്.



