Section

malabari-logo-mobile

പ്ലാസ്റ്റിക് വിമുക്ത കടലും കടല്‍തീരവും: മലപ്പുറം ജില്ലയില്‍ കര്‍മ്മ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

HIGHLIGHTS : Commencement of action plan activities in the district under the leadership of the Department of Fisheries to restore the natural habitat of the se...

ക്യാമ്പയിന്‍ ജനകീയ കൂട്ടായ്മയിലൂടെ

മലപ്പുറം:കടലിനെയും കടലോരത്തേയും പ്ലാസ്റ്റിക്ക്മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കര്‍മ്മ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞ പരിപാടിയായ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍മ്മ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് കടല്‍തീരമുള്ള ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കി.

sameeksha-malabarinews

തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ വിശദീകരിച്ചു. അനുബന്ധ വകുപ്പുകള്‍/ഏജന്‍സികളായ ഹാര്‍ബര്‍ എഞ്ചിനീയറിങ്, പരിസ്ഥിതി വകുപ്പ്, ടൂറിസം, കെ.എസ്.സി.ഡി.സി, മത്സ്യഫെഡ്, സാഫ്, യുവജന ക്ഷേമ ബോര്‍ഡ്, കുടുംബശ്രീ, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് പ്രവര്‍ത്തനം.ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടര്‍ ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് കര്‍മ്മ പദ്ധതി.മത്സ്യത്തൊഴിലാളികള്‍, ട്രേഡ് യൂണിയനുകള്‍, ബോട്ടുടമ സംഘടനകള്‍, സാമുദായിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, അച്ചടി, ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, സിനിമ, സംസ്‌കാരിക പ്രവര്‍ത്തകര്‍, പരിസ്ഥിതി സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ മുഖേന സെമിനാറുകള്‍, ബിറ്റ് നോട്ടീസുകള്‍, ബ്രോഷറുകള്‍ തുടങ്ങിയവയിലൂടെ ക്യാമ്പയിന്‍ നടത്തും.

കടലും കടലോരവും മറ്റ് ജല സ്രോതസ്സുകളും പ്ലാസ്റ്റിക്മുക്തമാക്കി സൂക്ഷിക്കേണ്ടതിന്റെയും പ്രധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക്ക് കാരണം കടലിലും കടല്‍തീരത്തും കടലോര ജീവിതത്തിലും ഉണ്ടാകാനിടയുള്ള ദോഷഫലങ്ങളെക്കുറിച്ചും പ്രചാരണവും ബോധവത്കരണവും സംഘടിപ്പിക്കും. ഇതിനായി ശാസ്ത്രീയ അടിത്തറയുള്ള ബിറ്റ് നോട്ടീസുകള്‍ പുറത്തിറക്കും. പ്ലാസ്റ്റിക്ക്മുക്ത കടലോര തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നതിനായി തദ്ദേശ തല കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും.തദ്ദേശ സ്വയം ഭരണ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍,അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍ എന്നിവര്‍ കണ്‍വീനറാകും. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരാകും ചെയര്‍മാന്‍മാര്‍. മത്സ്യഫെഡ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, കോസ്റ്റല്‍ പോലീസ്, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ഹരിത കേരള മിഷന്‍, ജലസംരക്ഷണ ഉപമിഷന്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍, കലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാമുദായ സംഘടനാ ഭാരവാഹികള്‍, യുവജന മഹിളാ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍, സര്‍വീസ് സംഘടനാ ഭാരവാഹികള്‍, തീരദേശ വാര്‍ഡ് അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രാദേശിക നേതാക്കള്‍, ബോട്ടുടമ സംഘടനാ പ്രാദേശിക നേതാക്കള്‍, യൂത്ത് കോര്‍ഡിനേറ്റ് ഓഫ് നെഹുറു യുവ കേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍, ഹരിതസേന കണ്‍സോര്‍ഷ്യം, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കുടുംബശ്രീ മിഷന്‍, മറ്റ് തൊഴിലാളി സംഘടനകള്‍, കടലോര ജാഗ്രത സമിതി അംഗങ്ങള്‍ തുടങ്ങിയവയുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പദ്ധതി നിര്‍വഹണം. ജില്ലയിലെ 70 കിലോമീറ്റര്‍ വരുന്ന കടല്‍ തീരത്ത് ഓരോ കിലോമീറ്ററും മാപ്പ് ചെയ്ത് ഓരോ ആക്ഷന്‍ കേന്ദ്രം രൂപീകരിക്കുകയും ഓരോ ആക്ഷന്‍ കേന്ദ്രത്തിലും 25 വീതം വരുന്ന സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി ചുമതല നല്‍കുകയും ചെയ്യും. ഓരോ 200 മീറ്ററിലും പ്ലാസ്റ്റിക് കളക്ഷന്‍ ബോക്സ് സ്ഥാപിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഷ്രഡ്ഡിങ് യൂണിറ്റുകളിലേയ്ക്ക് മാറ്റി റീസൈക്ലിങ് ചെയ്യുകയാണ് ലക്ഷ്യം. മുങ്ങല്‍ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി അഴിമുഖങ്ങള്‍, പുലിമുട്ടുകള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മുങ്ങിയെടുത്ത് നീക്കം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയം ഭരണ കോര്‍ഡിനേഷന്‍ കമ്മിറ്റി വിവിധ വകുപ്പുകളിലൂടെയും ഏജന്‍സികളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ഏറ്റെടുത്ത് നടത്തേണ്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!