
കോഴിക്കോട് കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണറാലിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമവുമായി മുന്‍ വിദ്യഭ്യാസ മന്ത്രിയും, മുസ്ലീംലീഗ് നേതാവുമായ പി.കെ അബ്ദറബ്ബ്. ഫേസ്ബുക്ക് വാളിലൂടെയായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.
സാക്ഷാല്‍ ഇ.എം.എസിന്റെ മുമ്പില്‍ മുട്ടു മടക്കിയിട്ടില്ല, നായനാരുടെ തോക്കിനു മുമ്പിലും ചൂളിപ്പോയിട്ടില്ല, പിന്നെയല്ലേ ഈ പിണറായി. കേസും, ലാത്തിയും, തോക്കും കണ്ടാല്‍ ബോധം കെട്ടു വീഴാനും, നെഞ്ചുവേദന വരാനും ഇതു സി.പി.എമ്മല്ലെന്നും അബ്ദുറബ്ബ് പ്രതികരിച്ചു.
ലീഗാണ് സഖാവേ ലീഗ്! ലക്ഷ്യം നിറവേറിയിട്ടേ ഞങ്ങള്‍ പിന്‍വാങ്ങുകയുള്ളൂ. ഇതു പാര്‍ട്ടി വേറെയാ. വിജയന്‍ കാണും വരെയല്ല,
വിജയം കാണും വരെ, ഞങ്ങള്‍ മുന്നില്‍ തന്നെയുണ്ടാവും. ജയ് മുസ്‌ലീം ലീഗ്, എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ എഴുതിയത്.
വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.




