ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് പ്രവാസികള്‍ എക്‌സ്‌ചേഞ്ചുകള്‍ മുഖേന വിദേശത്തേക്ക് പണമയക്കുന്നതില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. വിദേശ കറന്‍സികള്‍ വാങ്ങുന്നതിലും വലിയ വര്‍ധനവുണ്ടായതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അറിയിച്ചു.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പണമയക്കുന്നത്. ഈജിപ്ത്, സുഡാന്‍, ലബനാന്‍, യമന്‍, സിറിയ, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങളിലേക്കും വന്‍തോതില്‍ പണമയക്കുന്നുണ്ട്.
യു.എസ് ഡോളര്‍, പൗണ്ട്, സ്‌റ്റെര്‍ലിങ്, യൂറോ എന്നിവയും സൗദി റിയാലുമാണ് കൂടുതല്‍ ആവശ്യക്കാരുള്ള വിദേശ കറന്‍സികള്‍.
കഴിഞ്ഞ ഹജ്ജ് സീസണിലേക്കാള്‍ സൗദി റിയാലിന് 40 ശതമാനം ആവശ്യക്കാര്‍ കൂടുതലാണെന്ന് അല്‍ ദാര്‍ എക്‌സ്‌ചേഞ്ച് സി.ഇ.ഒ ജുമാ അല്‍ മദാദി പറഞ്ഞു.
സൗദി റിയാലിന് ഇത്രയും ആവശ്യക്കാരുണ്ടായത് അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.




