
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന കാഴ്ചപ്പാട് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥര്‍ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ഭരണസംവിധാനമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തോട് ഉയര്‍ന്ന ആദരവു പുലര്‍ത്തുംവിധം തന്നെയാവണം ഭരണനിര്‍വ്വഹണം. ജനാധിപത്യം നിലനിന്നാല്‍ മാത്രമേ കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവില്‍ സര്‍വീസും നിലനില്‍ക്കൂ. രാജ്യത്തിന്റെ ഭാവിപരിപാടികള്‍ എന്തായിരിക്കണം എന്നു ജനാധിപത്യ ഭരണസംവിധാനം നിര്‍ണ്ണയിക്കുന്നതിനനുസരിച്ച് നാടിനെ വാര്‍ത്തെടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കണമെന്നും സിവില്‍ സര്‍വീസ് ജേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.
മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള പെരുമാറ്റം, ഓരോ പൗരന്റെയും അവകാശത്തെക്കുറിച്ചുള്ള അവബോധം, ദുര്‍ബ്ബലരായ മനുഷ്യരോടുള്ള അനുതാപം, ഏതു പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങള്‍ ഉണ്ടാവണം. അപ്പോഴാണ് മികച്ച ഉദ്യോഗസ്ഥരാകുന്നത്. അതാണ് യുവ ഉദ്യോഗസ്ഥരായ നിങ്ങള്‍ ഓരോരുത്തരില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത്. വായനയിലൂടെയുള്ള അറിവു മാത്രമല്ല, ധാരാളം പ്രായോഗിക അറിവുകളും നേടിയെടുക്കണം. അതിനുതകുന്ന ഗവേഷണ ബുദ്ധിയോടെയും സേവന മനോഭാവത്തോടെയും മുന്നേറണം. മതനിരപേക്ഷമാവണം നിങ്ങളുടെ മനോഭാവങ്ങള്‍. മതനിരപേക്ഷത എന്നത് കേവലമൊരു രാഷ്ട്രീയ പരികല്പനയല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ നിങ്ങള്‍ ഒരു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയല്ല, മറിച്ച് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ് എന്ന കൃത്യമായ ബോധ്യമുണ്ടാവണം. നിങ്ങളുടെ സേവനത്തിന്റെ ഏറ്റവും വലിയ അംഗീകാരവും പാരിതോഷികവും നിങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരന്റെ സന്തോഷമായിരിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
കൂടുതല്‍ മലയാളികള്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന രീതി കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട പ്രവണതയാണ്. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയിലൂടെത്തന്നെ നിരവധി പേര്‍ ഈ പരീക്ഷയിലേക്കെത്തുന്നു. അവരില്‍ പലരും ഉന്നത വിജയം കരസ്ഥമാക്കുന്നുമുണ്ട്. അത്തരത്തില്‍ അവരെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. 2005 ല്‍ ഈ സ്ഥാപനം തുടങ്ങിയ ആദ്യ വര്‍ഷം സിവില്‍ സര്‍വീസ് വിജയികളുടെ എണ്ണം 8 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 43 ല്‍ എത്തിനില്‍ക്കുന്നു. ഏറ്റവും ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുന്ന മലയാളികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിനാകെയും സിവില്‍ സര്‍വീസ് അക്കാദമിക്ക് വിശേഷിച്ചും അഭിമാനം നല്‍കുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിയില്‍ പ്രവേശനം അനുവദിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും സൗജന്യ നിരക്കില്‍ പരിശീലനം നല്‍കുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിശാലമായ സൗകര്യങ്ങളുള്ള ഒരു കെട്ടിടം അക്കാദമിക്കായി പണികഴിപ്പിച്ചിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങളും വിപുലമായ ഒരു ലൈബ്രറിയും ഇപ്പോള്‍ അവിടെയുണ്ട്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന ക്ലാസുകളും മാതൃകാ അഭിമുഖങ്ങളും അക്കാദമി നടത്തിവരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം കൂടിയാണ് നമ്മുടെ കുട്ടികള്‍ നേടുന്ന തിളക്കമാര്‍ന്ന വിജയം. സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പരിശീലനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രിലിമിനറി, മെയിന്‍ കോഴ്‌സ് പരിശീലനത്തിനുവേണ്ടി മാത്രമാണ് ഫീസ് ഈടാക്കുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്കു സൗജന്യ പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി പ്രത്യേക അഡോപ്ഷന്‍ സ്‌കീം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിവില്‍ സര്‍വ്വീസ് അഭിമുഖത്തിനായുള്ള യാത്രയും താമസ സൗകര്യവും സര്‍ക്കാര്‍ സൗജന്യമായി ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സമൂഹത്തെ പുനസൃഷ്ടിക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സാധാരണക്കാരെ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠിച്ച് സിവില്‍ സര്‍വീസ് പരീക്ഷയിലും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയിലും ഉന്നത വിജയം നേടിയ 45 പേര്‍ക്ക് മുഖ്യമന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഷര്‍മിള മേരി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




