സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി : കുടിവെള്ളം മലിനമാക്കുകയും വയൽ മണ്ണിട്ട് നികത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തി. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ല.

ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി പ്രദേശത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാവുന്നതിന് പരിഹാരം കാണണം. മതപരമായ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു സ്ഥാപനം എങ്ങനെയാണ് പ്രകൃതിയോടും മനുഷ്യരോടുമുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ മറക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ദാറുൽ ഹുദയിൽനിന്നുള്ള മാലിന്യങ്ങൾ പ്രദേശത്തെ ജലസ്രോതസ്സുകളെ വർഷങ്ങളായി മലിനമാക്കി കൊണ്ടിരിക്കുകയാണ്. നിരന്തരമായി നാട്ടുകാരുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് ഈ പ്രക്രിയ നിർബാധം തുടർന്നുകൊണ്ടിരിക്കുന്നത്.

പ്രദേശത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെ മത മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ദാറുൽ ഹുദാ പോലുള്ള സ്ഥാപനം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാരിലുണ്ട്. ശുദ്ധജലത്തിൻ്റെ ലഭ്യത കുറയുന്നതോടെ അശുദ്ധമായ വെള്ളം ഉപയോഗിക്കാൻ നിർബന്ധിതരാവുന്ന ജനങ്ങൾക്ക് പലതരം രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്ന ഭീഷണിയും നിലനിൽക്കുന്നു. മാനിപാടം നികത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. തലമുറകളായി കർഷകരുടെ ഉപജീവനമാർഗമായിരുന്ന ഈ പാടം കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ള ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അധികാരികൾ വിഷയത്തിൽ കണ്ണടയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് പരിസരവാസികൾ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തത്തോടെ സിപിഐ എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്.

പരപ്പനങ്ങാടി റോഡിലെ താജ് ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ദാറുൽ ഹുദക്ക് മുമ്പിൽ പോലീസ് തടഞ്ഞു. സിപിഐ എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി കാർത്തികേയൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.സി ഇബ്രാഹീം കുട്ടി, കെ രാമദാസ്, എം പി ഇസ്മായിൽ, കെ ഉണ്ണികൃഷ്ണൻ, നിയാസ് തയ്യിൽ, കെ കെ ജയചന്ദ്രൻ, പി സാഹിർ, എന്നിവർ സംസാരിച്ചു. എൻ എം ഷമേജ്, സി ഹരിദാസൻ, പി സുബ്രഹ്മണ്യൻ, കെ ധർമ്മരാജ്, കെ ഉണ്ണികൃഷ്ണൻ, അബ്ദുറഹ്മാൻ മച്ചിങ്ങൽ, എ ടി മാജിദ, ഇ പി മനോജ്, കമറുദ്ദീൻ കക്കാട് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top