Section

malabari-logo-mobile

പട്ടയ വിതരണത്തില്‍ അഭിമാനമുയര്‍ത്തി മലപ്പുറം: 2,061 കുടുംബങ്ങള്‍ക്ക് മണ്ണില്‍ അവകാശമായി

HIGHLIGHTS : ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയില്‍ അഭിമാനമുയര്‍ത്തി മലപ്പുറം. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടന്ന പട്ടയ മേളയില്‍ ജില്ലയിലെ 2,061 കുടുംബങ്ങള്‍ക്കാണ് ഭൂമിയില്‍ അവകാശം ഉറപ്പാക്കിയത്. സംസ്ഥാന തലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് മലപ്പുറം. സ്വന്തം ഭൂമിയില്‍ രേഖയോടെയുള്ള അവകാശം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭൂവുടമകളും കുടുംബങ്ങളും.

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 13,500 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്കാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ കായിക, വഖഫ്-ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂരഹിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൂമി ലഭ്യമാക്കുന്നതിനൊപ്പം എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവും യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്ന സര്‍ക്കാറിന്റെ പദ്ധതി പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നാടിന്റെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പൊന്നാനി ഒതളൂര്‍ കോലിക്കര സ്വദേശി തെക്കേക്കര സുരേഷിന് മന്ത്രി ആദ്യ പട്ടയം നല്‍കി. 20 കുടുംബങ്ങള്‍ക്കാണ് പരിപാടിയില്‍ പട്ടയങ്ങള്‍ നല്‍കിയത്. മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 502 പട്ടയങ്ങളും തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 498, തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 429, തിരൂര്‍ എല്‍.എ (ജനറല്‍) 223, മലപ്പുറം ലാന്‍ഡ് ട്രൈബ്യൂണല്‍ (ദേവസ്വം പട്ടയം) 200, എല്‍.എ (എയര്‍പോര്‍ട്ട്) 109, മലപ്പുറം എല്‍.എ (ജനറല്‍) 100 പട്ടയങ്ങള്‍ എന്നിങ്ങനെയാണ് മേളയില്‍ വിതരണം ചെയ്തത്. 2021 മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ജില്ലയിലെ വിവിധ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുകളില്‍ നിന്നായി 615 പരാതികള്‍ പരിഹരിച്ച് പട്ടയം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി 62 പരാതികള്‍ പരിഹരിച്ചും പട്ടയങ്ങള്‍ അനുവദിച്ചു.

കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ഏറനാട് താലൂക്കിലെ പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതോടനുബന്ധിച്ച് മുഴുവന്‍ താലൂക്കുകളിലും ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ 20 ഗുണഭോക്താക്കള്‍ക്കു മാത്രമാണ് നേരിട്ടു പട്ടയം ലഭ്യമാക്കിയത്. മറ്റുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ പട്ടയം നല്‍കും.

ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, എം.എല്‍.എമാരായ യു.എ. ലത്തീഫ്, പി.കെ. ബഷീര്‍, മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, എ.ഡി.എം എന്‍.എം. മെഹറലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!