16-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

Parliamentദില്ലി : പതിനാറാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടേക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചരിത്ര ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ആദ്യസഭാ സമ്മേളനമാണ് ഇന്ന് നടന്നത്. ജനങ്ങളുടെ പ്രതീക്ഷക്കും താല്‍പ്പര്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥ് ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി കമല്‍നാഥിന് സത്യവാചകം ചൊല്ലികൊടുത്തു.

പതിനാറാം ലോക്‌സഭയെ സംബന്ധിച്ച് രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം സെക്രട്ടറി ജനറല്‍ പി ശ്രീധരന്‍ വായിച്ചു. ലോക്‌സഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ മേശപ്പുറത്ത് വെച്ചു. കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം പ്രോടേം സ്പീക്കര്‍ സഭയെ ഔദേ്യാഗികമായി അറിയിച്ചു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് സഭ വീണ്ടും സമ്മേളിക്കും.

നാളെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. വെള്ളിയാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. തിങ്കളാഴ്ച പ്രണബ് മുഖര്‍ജി പാര്‍ലമെന്റിലെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം പാസാക്കി ജൂണ്‍ 11 ന് സഭ പിരിയും.

Share news
error: Content is protected !!
Scroll to Top