Section

malabari-logo-mobile

‘പരപ്പനങ്ങാടിയില്‍ കെ റെയില്‍ പദ്ധതിക്കെതിരെ നീങ്ങുന്നവരുടെ ഉദ്ദേശം സംശയാസ്പദം’ നിയാസ് പുളിക്കലകത്ത്

HIGHLIGHTS : സര്‍ക്കാരിന്റെ സ്വപ്‌നവികസന പദ്ധതികളിലൊന്നായ കെറെയില്‍ പദ്ധതിക്കെതിരെ പരപ്പനങ്ങാടിയില്‍ നീങ്ങുന്നവരുടെ ഉദ്ദേശം സംശയാസ്പദകരമെന്ന് സിഡ്‌കോ ചെയര്‍മാന്...

സര്‍ക്കാരിന്റെ സ്വപ്‌നവികസന പദ്ധതികളിലൊന്നായ കെറെയില്‍ പദ്ധതിക്കെതിരെ പരപ്പനങ്ങാടിയില്‍ നീങ്ങുന്നവരുടെ ഉദ്ദേശം സംശയാസ്പദകരമെന്ന് സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്. ഇവര്‍ ഒരു നാടിന്റെ മുഴുവന്‍ വികസനപ്രതീക്ഷകള്‍ക്ക് തുരങ്കം വെക്കുന്ന ഇവരെ നയിക്കുന്നത് വ്യക്തി താല്‍പ്പര്യങ്ങള്‍ മാത്രമാണെന്നും നിയാസ് പറഞ്ഞു. നിയമപോരാട്ടത്തിനെന്ന പേരില്‍ പണപ്പിരിവ് നടത്തുന്നത് അതില്‍ നിന്നും വരുമാനമുണ്ടാക്കാനാണെന്ന് സംശയമുണ്ടാക്കുന്നുവെന്നും നിയാസ് പറഞ്ഞു.

നിയാസ് പുളിക്കലകത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

sameeksha-malabarinews

കേരളം ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് പദ്ധതിയാണ് കെ-റെയില്‍. 63941 കോടി രൂപ ചെലവില്‍ 530 കിലോമീറ്റര്‍ നീളത്തിലുള്ള സെമി-ഹൈസ്പീഡ് ഡബിള്‍ ലൈനില്‍ കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെ എത്താന്‍ വെറും നാല് മണിക്കൂര്‍ മാത്രം വേണ്ടിവരുന്നു. പുതിയ ലോകത്തിലെ ഏറ്റവും വിലപിടിച്ച വസ്തു സമയമാണെന്ന യാഥാര്‍ഥ്യത്തെ മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത കെ-റെയില്‍, കേരളത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും പ്രായോഗികമായ പരിഹാരവുമാണ്.

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ഈ പദ്ധതി തുടക്കം മുതല്‍ തല്‍പരകക്ഷികളുടെ എതിര്‍പ്പ് നേരിടുന്നുണ്ട്. അതിന്റെ പ്രതിഫലനമെന്നോണം കെ-റെയില്‍ അലൈന്മെന്റില്‍ ഉള്‍പ്പെടുന്ന നമ്മുടെ പരപ്പനങ്ങാടിയിലും എതിര്‍സ്വരങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ വികസനത്തിനായി കുടിയിറക്കപ്പെടുന്നവരുടെ ആശങ്കയെന്ന പേരില്‍ ഏതാനും ചിലരുടെ വ്യക്തിതാല്പര്യങ്ങള്‍ മാത്രമാണ് പരപ്പനങ്ങാടിയിലെ പ്രതിഷേധത്തില്‍ തെളിഞ്ഞുകാണുന്നത്. ഇതിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകും മുന്‍പ് ചില് കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

കെ-റെയില്‍ പദ്ധതിയുടെ ഭാഗമായി വ്യക്തിപരമായി തിരൂര്‍ മുതല്‍ കോഴിക്കോട് വരെ മൂന്നിടങ്ങളില്‍ ഭൂമി നഷ്ടപ്പെടുന്ന ആളാണ് ഞാന്‍. യാതൊരു നഷ്ടബോധമോ എതിര്‍പ്പോ കൂടാതെ ഈ പദ്ധതിയെ സ്വാഗതം ചെയ്യാന്‍ എനിക്കാവുന്നത് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടാണ്. ബുദ്ധിയും തിരിച്ചറിവും ഉള്ള ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും, സര്‍ക്കാരില്‍ പൂര്‍ണ്ണ പ്രതീക്ഷയുള്ള സാധാരണക്കാരന്‍ എന്ന നിലയിലും, എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനമായി ഞാനിതിനെ കാണുന്നുണ്ട്.
ഒരു നാടിന്റെ വളര്‍ച്ചക്ക് വികസനം അത്യന്താപേക്ഷിതമാണ്. പാരിസ്ഥിതികവും സാമൂഹികവുമായ സന്തുലനം പാലിച്ച്, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയാവണം വികസനമെന്നതില്‍ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു പദ്ധതി വരുന്നതോടെ സംസ്ഥാനത്തിന്റെ മുഖംതന്നെ മാറുമെന്നതില്‍ സംശയമില്ല. യാത്രാസമയത്തില്‍ വന്‍ കുറവ് വരുന്നത് വഴിയുള്ള മാനവവിഭവശേഷിയുടെ ഫലപ്രദമായ ഉപയോഗം മുതല്‍ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ വരെ ഈ പദ്ധതികൊണ്ട് സൃഷ്ടിക്കപ്പെടും.

നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ എന്‍എച്ച് 17ന് വേണ്ടി ഭൂമി ഏറ്റെടുത്തതിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഹൈവേയ്ക്ക് ഭൂമി വിട്ടുകൊടുത്തതിന്റെ പേരില്‍ കോടീശ്വരന്മാരായ ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. വേണ്ടത്ര നഷ്ടപരിഹാരം കിട്ടില്ലെന്ന ആശങ്കയില്‍ ‘നാഷണല്‍ ഹൈവേ സര്‍വേക്കായി ഇങ്ങോട്ട് കടക്കേണ്ടതില്ല’ എന്ന് ബോര്‍ഡ് വെച്ച പലരും ‘സര്‍വേക്കാര്‍ക്ക് സ്വാഗതം’ എന്ന ബോര്‍ഡ് മനസ്സില്‍ പ്രതിഷ്ഠിച്ചു കാത്തിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ പാടെ കുടിയിറക്കപ്പെട്ടിരുന്ന കാലഘട്ടം നമ്മുടെ രാജ്യത്തുണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. എന്നാലിന്ന് ഓരോ ഇഞ്ച് വസ്തുവിനും വിലപേശി നഷ്ടപരിഹാരം ഉറപ്പുവരുത്താവുന്ന രീതിയിലേക്ക് സര്‍ക്കാര്‍ പദ്ധതികള്‍ മാറിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ പരപ്പനങ്ങാടിയില്‍ ഈ പദ്ധതിക്കെതിരെ നീങ്ങുന്നവരുടെ ഉദ്ദേശം സംശയാസ്പദമാണ്. ഒരു സംസ്ഥാനത്തിന്റെയാകെ വികസനപ്രതീക്ഷകള്‍ക്കാണ് ഇവര്‍ തുരങ്കം വയ്ക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളില്‍ കഴമ്പുണ്ടായിരുന്നുവെങ്കില്‍ ഇതേ പദ്ധതിയുടെ ഭാഗമായി നല്ലൊരളവ് ഭൂമി നഷ്ടപ്പെടുന്ന ആളെന്ന നിലയില്‍ ഞാനും കൂടെയുണ്ടാവുമായിരുന്നു. എന്നാല്‍ ഇവരെ നയിക്കുന്നത് കേവലം വ്യക്തിതാല്പര്യങ്ങള്‍ മാത്രമാണ്. നിയമപോരാട്ടത്തിനെന്ന പേരില്‍ പണപ്പിരിവ് നടത്തി അതില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു.
അടിസ്ഥാനമില്ലാത്ത ആശങ്കകളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക. ഒറ്റപ്പെടുത്തുക.

നിയാസ് പുളിക്കലകത്ത്.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!