Section

malabari-logo-mobile

പരപ്പനങ്ങാടി നഗരത്തില്‍ ഒരു ജീവന്‍ ബലികൊടുത്തത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍?

HIGHLIGHTS : പരപ്പനങ്ങാടി:  ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യസമൂഹത്തില്‍

പരപ്പനങ്ങാടി:  ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം ജനാധിപത്യസമൂഹത്തില്‍ ഭരണകൂടങ്ങളുടേതാണ്. അത് സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഭരണകൂടങ്ങളെ തിരുത്താനുള്ള കരുത്ത് ജനങ്ങള്‍ക്കുണ്ടാകണം.

ഏപ്രില്‍ മുപ്പതിന് ചൊവ്വാഴ്ച പരപ്പനങ്ങാടി അത്യന്തം വേദനാജനകമായ ഒരു അപകടത്തിന് സാക്ഷിയായി. പയിനിങ്ങല്‍ വെച്ച് അഗ്‌നിശമനസേന വാഹനത്തിന് വഴിയൊരുക്കവെ ജംങ്ഷനി
ല്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിലെ ഡ്രൈവര്‍ മുന്നോട്ട് കുതിച്ച മറ്റൊരു ബസ്സിനിടയില്‍ പെട്ട് അതിദാരുണമായി മരണപ്പെട്ടു.

sameeksha-malabarinews

റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കുറച്ചുനാളായി ഇവിടെ ബസ്സുകള്‍ പാര്‍ക്ക് ചെയ്ത് ആളുകളെ കയറ്റുന്നത് നിര്‍ത്തിവെച്ചിരുന്നു. കോഴിക്കോട്ടു നിന്നും പരപ്പനങ്ങാടി വരെ വരുന്ന ബസ്സുകളെല്ലാം റെയില്‍വേ സ്റ്റേഷന് കിഴക്കുവശത്തുള്ള സ്റ്റാന്‍ഡില്‍ ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്.

എന്നാല്‍ ഒരാഴ്ച മുമ്പ് യാത്രക്കാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് വകവെക്കാതെ ചില തല്‍പ്പരകക്ഷികളുടെ സ്വാധീനം മൂലം വീണ്ടും ബസ്സുകള്‍ ജംങ്ഷനിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുകയായിരുന്നു. തിരക്കേറിയ ഇവിടെ ഒരേ സമയം മൂന്നും നാലും ബസ്സുകള്‍ പാര്‍ക്കുചെയ്യുകയും ഒന്നിലധികം ബസ്സുകള്‍ റോഡിന് നടുവില്‍ നിര്‍ത്തിയിട്ട് ആളുകളെ ഇറക്കിക്കയറ്റുന്നത് പതിവാണ്. പോലീസും ഹോംഗാര്‍ഡും നോക്കിനില്‍ക്കെ നടക്കാറുള്ള ഇത്തരം നിയമലംഘനങ്ങള്‍ ആരാലും ചോദ്യം ചെയ്യപെടാതായിരിക്കുന്നു.

ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടതോടെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടിയില്‍ നിന്നും ഉയരുന്നത്. പ്രധാനമായും ജനങ്ങള്‍ പ്രതിക്കുട്ടില്‍ നിര്‍ത്തുന്നത് പ്രദേശികഭരണകൂടത്തെ തന്നെയാണ്. വര്‍ഷങ്ങളായി ഭരണത്തിലിരിക്കുന്നവര്‍ പരപ്പനങ്ങാടിയില്‍ ഒരു ബസ് സ്റ്റാന്റ് വേണമെന്ന ആവിശ്യത്തോട് വളരെ നിരുത്തരവാദിത്വപരമായാണ് സമീപിക്കുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നുവരുന്നത്. പതിറ്റാണ്ടുകള്‍ പിന്നിട്ട പരപ്പനങ്ങാടിയില്‍ ബസ് സ്റ്റാന്റ് എന്ന ആവിശ്യം നിറവേറ്റാനുള്ള ആര്‍ജ്ജവം നിലവിലെ പ്രദേശികഭരണകൂടത്തിനില്ലെന്ന് പറയേണ്ടിവരും. ഇക്കാര്യത്തില്‍ ഇപ്പോഴും തുടരുന്ന നിസംഗത കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പ്രതിപക്ഷമാകട്ടെ തിരഞ്ഞെടുപ്പ് വിഷയം മാത്രമായി ഇതിനെ കാണുന്നു എന്ന ആക്ഷേപവുമുണ്ട്.

മറ്റൊരു കൂട്ടര്‍ എന്തപകടം നടന്നാലും തങ്ങളുടെ ‘കച്ചവടം’ നടന്നാല്‍ മതിയെന്ന് കരുതുന്ന ചില വ്യാപാരികളാണ്. ബസ്സുകളും മറ്റുവാഹനങ്ങളും നഗരമധ്യത്തില്‍ നിര്‍ത്തിയാലെ തങ്ങള്‍ക്ക് കച്ചവടം കിട്ടുകയൊള്ളു എന്നു സ്വപ്നം കാണുന്ന ഇവരുടെ സ്വാധീനം ഇപ്പോഴത്തെ ബസ് പാര്‍ക്കിങ്ങ് തിരിച്ചുവന്നതിലുണ്ടെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നു. ഇതിന് മറുപടി പറയേണ്ടത് പോലീസ് അധികൃതര്‍ കൂടിയാണ്.

ഇത് കൂടാതെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തേക്ക് കടകള്‍ ഇറക്കി കെട്ടി ചിലര്‍ നടത്തുന്ന കയ്യേറ്റങ്ങളും അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ഇതിനുതുണയാകുന്നതാകട്ടെ പൊതുമരാമത്ത് വകുപ്പുപോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ മൗനാനുവാദവുമാണ്. ഇവര്‍ക്കെതിരെ കടുത്ത അഴിമതിയാരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

ആവിശ്യമുള്ള സ്ഥലമേറ്റെടുത്ത് റോഡ് വീതികൂട്ടി പരപ്പനങ്ങാടിയിലെ ഗതാഗതക്കുരിക്ക് അഴിച്ചെടുക്കാമെന്ന മോഹത്തെ തന്ത്രപരമായി തകര്‍ത്തടുക്കിയ മറ്റൊരു കൂട്ടരുണ്ടിവിടെ. അവരും ഈ അപകടങ്ങള്‍ക്ക് പൊതുസമൂഹത്തോട് മറുപടി പറഞ്ഞേതീരു.

ഇത്തരം അപകടങ്ങള്‍ പതിവുകാഴ്ചയാകുമ്പോഴും നിയമം കര്‍ശനമായി നടപ്പാക്കാതെ ചില വ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ അധികൃതര്‍ നടത്തുന്ന കണ്ണടക്കലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയില്‍നിന്നും ഉയര്‍ന്നുവരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!