പരപ്പനങ്ങാടി; സിപിഐഎം തിരൂരങ്ങാടി ഏരിയാകമ്മറ്റി നടപടിയാവിശ്യപ്പെട്ട് പ്രതിഷേധയോഗം സംഘടപ്പിച്ച പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി.കെ ദാസിനെ വാനോളം പുകഴ്ത്തി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍. സിഐക്ക് സ്ഥലം മാറ്റമുണ്ടായതോടെയാണ് അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സിപിഎമ്മിന്റെ തന്നെ ചില പ്രാദേശിക നേതാക്കള്‍ ഫേസ്ബുക്കിലൂടെ അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്ന പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. സിഐ കോവിഡ് കാലത്ത് നിരവധി ക്രിമനലുകളെ അടിച്ചൊതുക്കി ജയിലിലാക്കിയെന്നും പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ സമാധാനം നിലനിര്‍ത്തിയെന്നുമാണ് ഒരു നേതാവിന്റെ പോസ്റ്റ്.
ഈ പോസ്റ്റുകള്‍ക്ക് താഴെ രൂക്ഷവിമര്‍ശനവുമായി സിപിഎം അണികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം മുപ്പതാം തിയ്യതി സിപിഐഎം ഏരിയാകമ്മറ്റി സിഐക്കെതിരെ പ്രതിഷേധ പൊതുയോഗം നടത്തിയിരുന്നു. പരപ്പനങ്ങാടി മുറിക്കലില്‍ വെച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളെ വാഹനത്തില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അത്. സിപിഐഐം ജില്ലാനേതാക്കളടക്കം പങ്കെടുത്ത് പരിപാടിയില്‍ ഏരിയാകമ്മറ്റിയംഗമായ അഡ്വ. ഇബ്രാഹിംകൂട്ടി രൂക്ഷമായ ഭാഷയിലാണ് സിഐയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞ് വിമര്‍ശിച്ചത്. ഈ വിഷയത്തില്‍ സിപിഐഎം മുഖ്യമന്ത്രിക്കടക്കം സിഐക്കെതിരെ പരാതി നല്‍കിയിരുന്നു. നേരത്തെ ആര്‍എസ്എസിനെ സഹായിക്കുന്നുവെന്ന ആക്ഷേപിച്ച് സിഐക്കെതിരെ സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍കമ്മറ്റിയും രംഗത്തെത്തിയിരുന്നു
ഈ സമയത്ത് തന്നെ സിപിഐമ്മിന്റെ ചില നേതാക്കള്‍ സിഐയുമായി അടുത്തബന്ധമാണെന്നും സമരങ്ങള്‍ പ്രഹസനമാണെന്നും മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍
സിഐ അകാരണമായി ആളുകളെ മര്‍ദ്ധിക്കുന്നവെന്നും, ലോട്ടറി, ഭൂമാഫിയകളെ സഹായിക്കുന്നുവെന്ന ആക്ഷേപവുമായി സിപിഐഎം പ്രവര്‍ത്തകരടക്കം നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് സിപിഐഎം അനുഭാവികളായ റവന്യൂജീവനക്കാരിയുടെ ഭര്‍ത്താവിനെ അകാരണമായി മര്‍ദ്ധിച്ചത് ഏറെവിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തിയെ അടക്കം ന്യായീകരിച്ച് ഒരു വിഭാഗം സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയത് അണികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. സിഐയെ ന്യായീകരിക്കുന്നതിന് രൂക്ഷമായ ഭാഷയിലാണ് ഇവര്‍ വിമര്‍ശിക്കുന്നത്. സിപിഎം സ്ഥലം മാറ്റിയെന്ന് അവകാശപ്പെടുന്ന സിഐയെ പ്രകീര്‍ത്തിക്കുന്ന നേതാക്കളുടെ പോസ്റ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് വാളുകളും സജീവമായി. സിപിഎം അവകാശപ്പെടുന്ന കേഡര്‍ സ്വഭാവം പരപ്പനങ്ങാടിയിലില്ലേ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.




