പരപ്പനങ്ങാടി പരപ്പനങ്ങാടിയില്‍ വ്യാപരസ്ഥാപനങ്ങളിലുള്ള ജോലിക്കാര്‍ തിങ്കളാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കൈവശം വെക്കാതെ കടകമ്പോളങ്ങള്‍ തുറക്കാനാവില്ലെന്ന നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വാട്ട്‌സ് ആപ് സന്ദേശം ഏറെ വിവാദമായി. ശനിയാഴ്ച പുറത്തിറങ്ങിയ സന്ദേശത്തെ തുടര്‍ന്ന് കടുത്ത ആശങ്കയിലായ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരത്തില്‍ തീരുമാനമെടുത്തത് നഗരസഭയില്‍ ചര്‍ച്ച ചെയ്യാതെയാണെന്നും തങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നുമുള്ള പരാതിയുമായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ വെളിപ്പെടുത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി.
ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യസര്‍വ്വീസ് മാത്രമുള്ള ദിവസം കഴിഞ്ഞ് തിങ്കളാഴ്ച തന്നെ ഇത് നടപ്പിലാക്കുമെന്ന സന്ദേശമാണ് വ്യാപാരികളെ പരിഭ്രാന്തിയിലാക്കിയത്.
ഇതോടെ വിശദീകരണവുമായി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ തന്നെ രംഗത്തെത്തി. ഉത്തരവ് കേട്ട് വ്യാപാരികള്‍ പരിഭ്രാന്തരാകേണ്ടെതില്ലെന്നും, വ്യാപാരികളുടെ വിഷമം മനസ്സിലാക്കുമെന്നും ധൃതി പിടിച്ച തീരുമാനമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭയെ കോവിഡ് മുക്തമാക്കാന്‍ വ്യാപാരികളും തൊഴിലാളികളും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ ആളുകളെ ആന്റിജെന്‍ ടെസ്റ്റിന് വിധേയമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് നഗരസഭാ കോവിഡ് മോണിറ്ററിങ്ങ് സമിതിയില്‍ ആലോചിക്കാതെ ഉദ്യോഗസ്ഥന്‍ സ്വയം തീരുമാനം പ്രഖ്യാപിച്ച രീതി ശരിയായില്ലെന്നും ഇതില്‍ തങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെന്നും സിപിഎം കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ പറഞ്ഞു. ഭരണാധികാരികളുടെ അറിവില്ലായ്മ പരിധി വിടുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ അവരെ ഭരിക്കുകയാണെന്ന് മറ്റൊരു ഇടതുപക്ഷ കൗണ്‍സിലറായ കെസി നാസര്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍് വ്യാപാരി സമിതി നേതാക്കള്‍ നഗരസഭാ ചെയര്‍മാനെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു. ടെസ്റ്റിന് വിധേയമാകാന്‍ തങ്ങള്‍ തയ്യാറാണെന്നും വരും ദിവസങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് കോവിഡ് ടെസ്റ്റ് നടത്തുകയും തുടര്‍ന്ന് മാത്രമെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തൂ എന്ന് ധാരണയായതായും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ നേതാവ് എ.വി. വിനോദും പറഞ്ഞു.




