പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്;യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്

HIGHLIGHTS : Panthirankavu domestic violence case; Case filed again against husband Rahul on complaint of young woman

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പരാതി നല്‍കി യുവതി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. രാഹുല്‍ മര്‍ദനമേറ്റതായി കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്‌നമേറ്റ് യുവതിയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ട്.

തനിക്ക് പരാതിയില്ലെന്നും ഭര്‍ത്താവ് രാഹുലിനോടൊപ്പമാണ് ജീവിക്കാന്‍ താത്പര്യമെന്നും പറഞ്ഞ് യുവതി നല്‍കിയ സത്യവാങ്മൂലത്തെ തുടര്‍ന്ന് പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ‘തനിക്ക് രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹമെന്നും വീട്ടുകാര്‍ ഇടപ്പെട്ട് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നെന്നും’ യുവതി പറഞ്ഞിരുന്നത്. ഇതിനു ശേഷമാണ് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയത്.

sameeksha-malabarinews

മേയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്‌നേഹതീര’ത്തില്‍ രാഹുല്‍ പി ഗോപാലും (29) വിവാഹിതരായത്. വിവാഹത്തിനു ശേഷം യുവതി രാഹുലിന്റെ വീട്ടില്‍ കടുത്ത പീഡനങ്ങള്‍ നേരിട്ടിരുന്നതായാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകള്‍ കാണുകയും തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പീഡനവിവരം യുവതി ബന്ധുക്കളോട് പറയുകയുമായിരുന്നു.

എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യുവതി രംഗത്തെത്തി. ബന്ധുക്കള്‍ സമ്മര്‍ദ്ദത്തിലാക്കിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്ന് യുവതി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മര്‍ദ്ദം കാരണമാണ് കോടതിയോട് കള്ളം പറഞ്ഞതെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!