വായന അനുഭവമാകണം – മാനവരാശിയുടെ വളര്‍ച്ചയിലെ നന്മനിറഞ്ഞ സാന്നിധ്യമാണ്‌ വായന

c ravindranathജൂണ്‍ 19 വായനാദിനമായി നാം ആചരിക്കുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ശ്രീ.പി.എന്‍.പണിക്കരുടെ സ്‌മരണാര്‍ത്ഥമാണ്‌ വായനാദിനം ആചരിക്കപ്പെടുന്നത്‌. വായന ഒരു അനുഭവമാണ്‌, അനുഭൂതിയാണ്‌. കണ്ണും കാതും തുറന്നു വച്ചാല്‍ ഈ പ്രപഞ്ചത്തില്‍ നിന്ന്‌ നമുക്കു പലതും വായിച്ചെടുക്കാം. പ്രകൃതിതന്നെ ഒരു തുറന്ന പാഠപുസ്‌തകമാണ്‌. വായിക്കാനുള്ള ക്ഷമയും ക്ഷമതയുമാണ്‌ ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടത്‌.
പുസ്‌തക വായന മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും തെളിച്ചമുള്ളതാക്കിതീര്‍ക്കുന്നു. വായനയിലൂടെ നാം അറിവു നേടുമ്പോള്‍ മനസ്സിന്റെ വേലിക്കെട്ടുകള്‍ ഓരോന്നായി അഴിയുന്നു. അത്യന്തം ബൃഹത്തും വൈവിധ്യപൂര്‍ണ്ണവുമായ ഈ ലോകത്തിന്റെ വിശാലത ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ നമ്മുടെ ഹൃദയവും വിശാലമാകുന്നത്‌ നമുക്ക്‌ അനുഭവിക്കാനാകും. ഇത്‌ ധ്യാനപൂര്‍ണ്ണമായ വായനയിലൂടെ കൈവരുന്ന നേട്ടമാണ്‌.
ഗുരുക്കന്മാരെപോലെ അറിവു പകര്‍ന്നുനല്‍കുന്ന നിധി ശേഖരങ്ങളാണു ഗ്രന്ഥങ്ങള്‍ അഥവാ പുസ്‌തകങ്ങള്‍. പൂര്‍വ്വികര്‍ തങ്ങളുടെ ബുദ്ധിയില്‍ തെളിഞ്ഞു കിട്ടിയ സത്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നത്‌ താളിയോലകളിലായിരുന്നു. ഇന്ന്‌ നമ്മുടെ കയ്യെത്തും ദൂരത്താണ്‌ പുസ്‌തകപ്രപഞ്ചം. ഏതു വേണമെന്നു തിരഞ്ഞെടുക്കുകയേ വേണ്ടൂ. അന്നും ഇന്നും വായന മനുഷ്യന്റെ ആത്മാവിനോടു ചേര്‍ന്നു നിന്നു. മാനവരാശിയുടെ എക്കാലത്തെയും വളര്‍ച്ചയിലെയും ഉയര്‍ച്ചയിലെയും നന്മ നിറഞ്ഞ സാന്നിധ്യമാണു വായന.
കാമ്പസ്‌ ഒരു പാഠപുസ്‌തകം എന്ന ചിന്ത ഓരോ വിദ്യാര്‍ത്ഥിയും ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. ജീവിതായോധനത്തിനു നമ്മെ പ്രാപ്‌തരാക്കാന്‍ വേണ്ട എല്ലാ കഴിവുകളും രൂപപ്പെടുന്നത്‌ വിദ്യാഭ്യാസ കാലഘട്ടത്തിലാണ്‌. സ്വഭാവ രൂപീകരണമാണ്‌ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നു നാം പറയാറുള്ളത്‌ അതുകൊണ്ടാണ്‌. സഹജീവിയെ അറിയാനും സമൂഹത്തെ മനസ്സിലാക്കാനും നന്മതിന്മകള്‍ വേര്‍തിരിച്ചറിയാനും എല്ലാം നാം പഠിക്കുന്നത്‌ ഈ വിദ്യാലയ ജീവിതത്തിലാണ്‌. ഇവിടെയെല്ലാം വായന നമുക്കു തുണയാകുന്നു. സ്വയം നവീകരണത്തിനും സാമൂഹ്യപരിവര്‍ത്തനത്തിനും, വായനയോളം ഊര്‍ജ്ജം പകരുന്ന മറ്റൊരു മാധ്യമമില്ല.
അറിവിന്റെ പ്രകാശ ലോകത്തേക്കാണ്‌ വായന നമ്മെ കൊണ്ടുപോകുന്നത്‌. അറിവ്‌ ശക്തമായ ആയുധമാണ്‌. എല്ലാ അതിര്‍വരമ്പുകളെയും വേലിക്കെട്ടുകളെയും ഭേദിക്കാനും മനുഷ്യഹൃദയങ്ങളെ തൊട്ടുണര്‍ത്താനും, തലോടാനും വാക്കുകള്‍ക്കു കഴിയും. മാത്രമല്ല, ഒരു കത്തികൊണ്ടെന്നപോലെ കീറിമുറിക്കാനും വാക്കുകള്‍ക്കു ശക്തിയുണ്ട്‌. തൊടുത്ത ശരവും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ലെന്ന്‌ പഴമക്കാര്‍ പറഞ്ഞിട്ടുള്ളത്‌ ആലോചനാപൂര്‍വ്വം വാക്കുകള്‍ ഉപയോഗിക്കേണ്ടതാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കാനാണ്‌. നല്ല വാക്കു പറയാന്‍ നമുക്കു കഴിയണം. അതിനു വായന കൂടിയേ തീരൂ.
ഒരു നാടിന്റെ സാംസ്‌കാരിക പ്രതീകങ്ങളാണ്‌ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അറിവിന്റെ പ്രകാശ ഗോപുരങ്ങള്‍! പാഠപുസ്‌തകങ്ങള്‍ക്കൊപ്പം അജ്ഞാനമാകുന്ന അന്ധകാരം നീക്കാനുതകുന്ന വിജ്ഞാനശേഖരങ്ങള്‍ വിദ്യാലയത്തിലുണ്ടാകണം. സുസജ്ജമായ വായനശാലകള്‍ ഓരോ വിദ്യാലയവും ഒരുക്കേണ്ടതുണ്ട്‌. ഒഴിവുസമയങ്ങളില്‍ കുട്ടി പുസ്‌തകങ്ങളെ പരിചയപ്പെടട്ടെ. നല്ല പുസ്‌തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ അധ്യാപകര്‍ കുട്ടികളെ സഹായിക്കണം. അധ്യാപകരും വായന ശീലമാക്കേണ്ടതുണ്ട്‌. കുട്ടികളെ വായനയുടെ ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകാനും അവരുടെ ചിന്തകള്‍ക്ക്‌ ചിറകുകളേകാനും അധ്യാപകനു കഴിയണം. പില്‍ക്കാലത്ത്‌ ഗുരുവിന്റെ കാരുണ്യവും അക്ഷരങ്ങളുടെ ശക്തിയും നന്മയുടെ ജീവിതപാഠങ്ങളായി അവനു കരുത്തുപകരും. ഈ ഒരു തിരിച്ചറിവാണ്‌ വായനാദിനത്തില്‍ നാം ഉള്‍ക്കൊള്ളേണ്ടത്‌.
മനസ്സും ബുദ്ധിയും നവീകരിക്കാനും ഏകാന്തതയെ അര്‍ത്ഥപൂര്‍ണ്ണമാക്കാനും പുസ്‌തകങ്ങള്‍ക്കു കഴിയും. വായന ഇല്ലാതായാല്‍ മനസ്സ്‌ സങ്കുചിതമാവും. ഇത്‌ വ്യക്തിയെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കും. നാം വിഭാവനം ചെയ്യുന്ന മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തില്‍ വായനയുടെ പങ്ക്‌ വളരെ വലുതാണ്‌. വായന നമ്മുടെ സംസ്‌കാരമാകണം, ശീലമാകണം. ഒരുവന്റെ ഏറ്റവും അടുത്ത സുഹൃത്താണു പുസ്‌തകങ്ങള്‍. ശരീരത്തിനു ഭക്ഷണമെന്നപോലെ മനസ്സിന്‌ വായനയും അത്യാന്താപേക്ഷിതമാണ്‌. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റമോ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ അതിപ്രസരമോ ഒന്നും വായനയെ ബാധിക്കാന്‍ പാടില്ല.
ഇതിഹാസങ്ങളും പുരാണങ്ങളും, കഥ, കവിത, നോവല്‍ തുടങ്ങിയ എല്ലാ സാഹിത്യരൂപങ്ങളും കുട്ടികള്‍ ചെറുപ്പം മുതലേ അറിഞ്ഞിരിക്കണം. മനുഷ്യരാശിക്കുപകാരപ്രദമായ ജീവിത സന്ദേശങ്ങള്‍ ഇവയില്‍ ഒളിഞ്ഞിരിക്കുന്നു. അവ കണ്ടെത്തുക അനുഭവവേദ്യമാക്കുക എന്നതാണ്‌ ഒരു നല്ല വായനക്കാരന്റെ കര്‍ത്തവ്യം. നാം കണ്ടിട്ടുള്ള പ്രഗത്ഭമതികളായ രാഷ്‌ട്രമീമാംസകരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും കവികളും കലാകാരന്മാരും എല്ലാം അക്ഷരങ്ങളെ സ്‌നേഹിച്ചവരാണ്‌. വായന അവര്‍ക്ക്‌ പ്രാണവായുപോലെ ആണ്‌. നമ്മുടെ രാജ്യത്തെ പ്രഗത്ഭമതികളെ അറിഞ്ഞുവേണം നമ്മുടെ തലമുറ വളരേണ്ടത്‌.
ജീവിതകാലം മുഴുവന്‍, നമ്മുടെ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്ന കാലത്തോളം പുസ്‌തകങ്ങളെ നമുക്കു കൂടെ കൂട്ടാം. വിദ്യാര്‍ത്ഥിയുടെ ഉള്ളിന്റെയുള്ളില്‍ അറിവിന്റെ അഗ്നി ജ്വലിക്കുമ്പോഴാണ്‌ വിദ്യാഭ്യാസം ഗുണമേന്മയുള്ളതാകുന്നത്‌. നല്ല പുസ്‌തകങ്ങളാണ്‌ ഏറ്റവും നല്ല ചങ്ങാതിമാര്‍. വിദ്യാലയം തന്നെ ഒരു പാഠപുസ്‌തകമായി സ്വീകരിച്ച്‌ അക്ഷരങ്ങളുടെ ലോകത്തു ചുവടുറപ്പിച്ച്‌ അറിവിന്റെ ചക്രവാളങ്ങള്‍ തേടിയുള്ള ഈ യാത്രയില്‍ എല്ലാ കൂട്ടുകാര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു! ഒരു നല്ല വായനാദിനം ആശംസിക്കുന്നു.

Related Articles