ദില്ലി:രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് വോട്ട് കൊള്ള ആരോപിച്ച് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ എം പിമാരെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉള്‍പ്പെടെ മുന്നൂറോളം എം പി മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.
മോദി ചോര്‍ ഹേ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എം പി മാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകള്‍ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡല്‍ഹി വേദിയായി.
കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്ന വോട്ടര്‍പട്ടിക ക്രമക്കേട് ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമായും ആരോപിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഇതെ തുടര്‍ന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് വന്നിരുന്നു.




