ഓപ്പേറഷൻ ഹെല്‍ത്ത് ഷീൽഡ് ; തിരൂരങ്ങാടി എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് 7 ഗുഡ്സ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു

തിരൂരങ്ങാടി എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് ഇന്നലെ രാത്രി നഗരസഭയിൽ നടത്തിയ പരിശോധനയിൽ ലൈസന്‍സില്ലാതെയും അനധികൃത കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നതുമായ നിരവധി ഹോട്ടൽ/ഫാസ്റ്റ് ഫുഡ് കടകൾ കണ്ടെത്തി. കൂടാതെ പൊതുറോഡ് കയ്യേറി ഗതാഗതത്തിന്ന് തടസ്സം സൃഷ്ടിക്കും വിധം അനധികൃതമായി വാഹനങ്ങളിൽ വെച്ച് മത്സ്യ- ഫ്രൂട്ട്സ് കച്ചവടം ചെയ്തു വന്ന 7 ഗുഡ്സ് ഓട്ടോകളും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു.

ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ് എന്ന പേരിൽ പ്രത്യേക എൻഫോഴ്സ്മെൻറ് സ്ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന. തിരൂരങ്ങാടി വില്ലേജ് ഓഫീസ് പരിസരത്ത് ഗുഡ്സ് ഓട്ടോയിൽ അനധികൃതമായി മത്സ്യ കച്ചവടം ചെയ്ത് വരികയായിരുന്ന അഞ്ച് ഗുഡ്സ് ഓട്ടോകളും ഖദീജ ടെക്സ്റ്റൈൽസിന്‍റെ മുന്‍വശത്ത് ഫ്രൂട്സ് കച്ചവടം ചെയ്ത് വരികയായിരുന്ന രണ്ട് ഗുഡ്സ് ഓട്ടോകളുമാണ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ കസ്റ്റഡിയിൽ എടുത്തത്.

നഗരസഭാ കൌണ്‍സിൽ ഈ ഭാഗത്ത് പി ഡബ്ലു ഡി റോഡിന്‍റെ ഇരുവശത്തും കച്ചവടം നിരോധിച്ചിരുന്നതാണ്. പന്താരങ്ങാടി ഭാഗത്തും വെഞ്ചാലി ഭാഗത്തും നമ്പറില്ലാത്ത കെട്ടിടത്തിലും അനധികൃതമായി ഷെഡ് കെട്ടിയും നഗരസഭാ ലൈസന്‍സ് എടുക്കാതെയും അനധികൃതമായി പ്രവർത്തിച്ച് വരുന്ന അഞ്ച് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾക്കും ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനകം നിയമാനുസൃത ലൈസന്‍സ് എടുക്കാത്തപക്ഷം അടച്ചുപൂട്ടുന്നതാണെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാതെയും ജീവനക്കാര്‍ക്ക് ഹെൽത്ത് കാർഡ് എടുക്കാതെയും, ആരോഗ്യ ശുചിത്വ ശീലങ്ങൾ പാലിക്കാതെയുമാണ് സ്ഥാപനങ്ങൾ നടത്തി വരുന്നതെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. അതോടൊപ്പം രാത്രിയുടെ മറവിൽ കേടായതും പഴക്കം ചെന്നതുമായ ഫ്രൂട്സ്, മത്സ്യ വിഭവങ്ങൾ എന്നിവ വിൽപ്പന നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.ഇത്തരം വാഹനങ്ങളാണ് പിടിച്ചെടുത്തത്.

ഈ വാഹനങ്ങളിൽ നിന്നും മാലിന്യങ്ങളും മത്സ്യ അവശിഷ്ടങ്ങൾ അടങ്ങിയ മലിനജലവും പൊതു റോഡിലേക്ക് ഒഴുക്കി വിടുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട് 340, 340ബി വകുപ്പുകൾ പ്രകാരം 50,000/- രൂപ വരെ പിഴ ലഭിക്കാവുന്ന കറ്റമാണ്. കൂടാതെ നഗരസഭാ കൌണ്‍സിൽ അനധികൃത വ്യാപാരം നിരോധിച്ച സ്ഥലത്ത് റോഡ് കൈയ്യേറി കച്ചവടം ചെയ്ത് വരുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ഇത്തരം വാഹനങ്ങൾ നഗരസഭാ പിടിച്ചെടുത്ത് നഗരസഭാ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങൾ പിഴ ഒടുക്കി വിട്ട് നൽകുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യുന്നതാണ്. ഓപ്പറേഷന്‍ ഹെൽത്ത് ഷീൽഡിന്‍റെ ഭാഗമായുള്ള പരിശോധന തുടർ ദിവസങ്ങളിലും തുടരുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.

ഹെൽത്ത് എന്‍ഫോഴ്സ്മെന്‍റ് പ്രവർത്തനങ്ങൾക്ക് നഗരസഭാ സെക്രട്ടറി ശ്രീ.എം.വി.റംസി ഇസ്മായിൽ നേതൃത്വം നൽകി. പരിശോധന സ്ക്വാഡിൽ ക്ലീന്‍ സിറ്റി മാനേജര്‍ ശ്രീ. പ്രകാശന്‍ ടി കെ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇന്‍സ്പെക്ടർ ശ്രീ. മോഹന്‍ദാസ് എ, പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ശ്രീമതി.സ്മിത പിപി, ശ്രീ. ശ്രീജി എസ്, വിജേഷ്കുമാർ കെ, എന്നിവരും അംഗങ്ങളായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top