HIGHLIGHTS : Once a jeweler; then in extreme poverty; 65-year-old man gets his life back with government help
മലപ്പുറം:’രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍’ എന്ന പൂന്താനം വരികളുടെ വേദനാജനകമായ അനുഭവസാക്ഷ്യമായിരുന്നു മലപ്പുറം തിരുന്നാവായ നെല്ലോട്ടുപറമ്പില്‍ 65-കാരനായ ഉണ്ണിക്കൃഷ്ണന് ജീവിതം.
ഒരു നാള്‍ പ്രവാസി, പിന്നെ ജ്വല്ലറി ഉടമ; അവിടെ നിന്നും ഒന്നുമില്ലായ്മയുടെ അഗാധ ഗര്‍ത്തിലേക്ക്.
ആ അവസ്ഥയില്‍ നിന്നും അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ രക്ഷാതുമ്പില്‍ പിടിച്ചു കരകയറിയ സംഭവബഹുലമായ ജീവിതമാണ് നാട്ടുകാര്‍ ഉണ്ണ്യേട്ടന്‍ എന്ന് വിളിക്കുന്ന ഉണ്ണിക്കൃഷ്ണന്റേത്.
25 വര്‍ഷം ഖത്തറിലും ദുബായിലുമായി ജോലി നോക്കിയ ഉണ്ണികൃഷ്ണന്‍ 2002 ലാണ് പ്രവാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ വീട് വെച്ച അയാള്‍ സമ്പാദ്യം കൊണ്ട് കാദനങ്ങാടിയില്‍ ‘തൃപ്തി ജ്വല്ലറി’ എന്ന സ്വര്‍ണ്ണക്കട തുടങ്ങി ജുവലറി മുതലാളിയായി. ഭാര്യയും നാല് പെണ്മക്കളുമൊത്ത് നല്ല രീതിയില്‍ ജീവിച്ചുവരുന്നതിനിടെ കുടുബാംഗങ്ങളുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തു.
വീടിന്റെയും 20 സെന്റ് പറമ്പിന്റെയും ഉടമസ്ഥതാവകാശത്തിന് തര്‍ക്കമായി, കോടതി കയറി. 2006 ല്‍ ഉണ്ണിക്കൃഷ്ണന് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. വെറും കയ്യോടെ ഇറങ്ങേണ്ടിവന്ന അയാള്‍ പുറത്തൂരില്‍ അമ്മയുടെ പേരിലുള്ള വീട്ടില്‍ തനിച്ച് താമസിക്കാന്‍ തുടങ്ങി.
വൈകാതെ, 13 വര്‍ഷം നടത്തിയ ജ്വല്ലറിയും അടച്ചുപൂട്ടേണ്ടി വന്നു. ‘ജ്വല്ലറി കച്ചവടത്തില്‍ നിന്ന് ഇനിയും മൂന്ന് ലക്ഷം രൂപ എനിയ്ക്ക് കിട്ടാനുണ്ട്. എല്ലാം പോയിരുന്നു. സമ്പൂര്‍ണ തകര്‍ച്ച,’ ഉണ്ണികൃഷ്ണന്‍ ഓര്‍ത്തെടുത്തു.
ജ്വല്ലറി ഉടമയായിരുന്ന അയാള്‍ പതിയെ ദാരിദ്ര്യ ത്തിന്റെ കയത്തിലേക്ക് പതിച്ചു. സാമ്പത്തികമായുള്ള വന്‍ വീഴ്ച്ച അയാളെ നാട്ടുകാരില്‍ നിന്നും അകറ്റി. ആളുകളെ അഭിമുഖീകരിക്കാന്‍ മടിയായി. വാര്‍ദ്ധക്യ പെന്‍ഷന്‍ മാത്രമായി ഏക സാമ്പത്തിക ആശ്രയം.
*അതിദാരിദ്ര്യ പദ്ധതി രക്ഷയ്ക്ക്*
സര്‍വേ നടത്തി അതിദാരിദ്ര്യ പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ ഉണ്ണികൃഷ്ണന്റെ ജീവിതം വീണ്ടും പച്ച തൊട്ടു. അയാള്‍ താമസിക്കുന്ന അമ്മയുടെ പേരിലുള്ള വീട് പുനരുദ്ധരിച്ചു. കക്കൂസ് നിര്‍മിച്ചു നല്‍കി. ശ്വാസം മുട്ടിനും നട്ടെല്ലിന് സംഭവിച്ച അപകടത്തെ തുടര്‍ന്നുമുള്ള നിരന്തര അസുഖങ്ങള്‍ക്കും സൗജന്യമായി മരുന്ന് ലഭിച്ചു തുടങ്ങി.
തീര്‍ന്നില്ല, ഒരു ഉപജീവന മാര്‍ഗം എന്ന നിലയില്‍ കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുന്നാവായ ഗ്രാമപഞ്ചായത്ത് വളപ്പില്‍ ഒരു ചായക്കട ഇട്ടു നല്‍കി. ആറ് മാസം മുമ്പ് തുടങ്ങിയ, ‘ഉണ്ണ്യേട്ടന്‍സ് ഇടം’ എന്ന് പേരിട്ട ആ ചായക്കടയുടെ മുമ്പിലെ ആളുകളുടെ പൊട്ടിച്ചിരികളിലും കുശലഭാഷണങ്ങളിലും ഉണ്ണികൃഷ്ണന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നുതുടങ്ങി. ഇല്ലായ്മയുടെ ആഴത്തില്‍ വീണ ഒരാളുടെ വയസുകാലത്തെ അവിശ്വസനീയമായ മടങ്ങിവരവ്.
‘ഇപ്പൊ നല്ല സമാധാനമുണ്ട്. പഞ്ചായത്തിലെ ജീവനക്കാരാണ് ഇപ്പോള്‍ എന്റെ കുടുംബം. സര്‍ക്കാരിനെയും എന്റെ പഞ്ചായത്തിനെയും മരിച്ചാലും മറക്കാന്‍ കഴിയില്ല. ആ രീതിയില്‍ അവര്‍ എനിയ്‌ക്കൊരു പുനര്‍ജ്ജന്മം തന്നു,’ തൊണ്ടയിടറി ഉണ്ണികൃഷ്ണന്‍ പറയുന്നു. ഒറ്റ തടിയായ തന്റെ ചെലവിനുള്ളത് കട തരുന്നുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ചായക്കട തുടങ്ങിയതില്‍ പിന്നെ ആളുകളോട് മിണ്ടിപ്പറഞ്ഞും ഇടപഴകിയും ഉണ്ണികൃഷ്ണന്‍ നഷ്ടപ്പെട്ട സാമൂഹ്യജീവിതം വീണ്ടെടുത്തതായി തിരുന്നാവായ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി ബാബുമോന്‍ പറയുന്നു.
എല്ലാവരുടെയും സ്‌നേഹപരിലാളനയില്‍ ഉണ്ണ്യേട്ടന് ചുറ്റുമുള്ള സ്‌നേഹം തിടം വെക്കുന്നതും അയാളുടെ ജീവിതം തളിര്‍ക്കുന്നതും ജീവനക്കാര്‍ വിസ്മയത്തോടെ കാണുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


