
മലപ്പുറത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഈ മാസം 14 ന് ഒമാനില്‍ നിന്നെത്തിയ 36 കാരന്‍ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന രോഗബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും.
സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഹൈ റിസ്‌ക് പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍. നിലവില്‍ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന 3 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.




