കരുവാരകുണ്ട്: കനത്ത മഴയില്‍ കരുവാരകുണ്ട് ഒലിപ്പുഴ കരകവിഞ്ഞൊഴുകി. മാമ്പറ്റപ്പാലത്തിനുമുകളിലൂടെ വെള്ളമൊഴുകിയത് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി.
ഞായര്‍ വൈകിട്ട് നാലുമുതലാണ് പ്രദേശത്ത് കനത്ത മഴ പെയ്തത്.
തുടര്‍ന്നാണ് പുഴയില്‍ വെള്ളം നിറഞ്ഞ് കുത്തൊഴുക്ക് കൂടിയത്. പിന്നാലെ മണലിയാമ്പാടം വനത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായെന്ന് സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പരന്നത് പരിഭ്രാന്തി വര്‍ധിപ്പിച്ചു.
അതേസമയം, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആര്‍ത്തല എസ്റ്റേറ്റിലെ 65 പേരെ കരുവാരകുണ്ട് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് നാലുദിവസംമുമ്പ് മാറ്റിയിരുന്നു.




