ഉദ്യോഗസ്ഥര്‍ സംരംഭര്‍ക്കാപ്പം സഞ്ചരിക്കണം: മന്ത്രി പി. രാജീവ്

സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനും വിജയകരമായി സംരംഭങ്ങള്‍ മുന്നോട്ടു നയിക്കുന്നതിനും എല്ലാ പിന്തുണയും നല്‍കി സംരംഭകര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ സഞ്ചരിക്കണമെന്ന് വ്യവസായ കയര്‍ നിയമവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ‘ഒരു വില്ലേജില്‍ ഒരു പുതിയ വ്യവസായ സംരംഭം’ പദ്ധതി ചൈത്രം ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാനോ വ്യവസായ സംരംഭങ്ങള്‍ക്ക് വലിയ സാധ്യതകള്‍ ഉണ്ടെന്നും സംരംഭങ്ങള്‍ തുടങ്ങാന്‍ ലഭിക്കുന്ന അപേക്ഷകള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിനുമുപരി എത്രപേര്‍ സംരംഭം തുടങ്ങിയെന്നും അവര്‍ക്കത് വിജയകരമായി നടത്തുവാന്‍ സാധിക്കുന്നുണ്ടോ എന്നതിലും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ ചെറുകിട സംരംഭകരെ സഹായിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. നാനോ സംരംഭങ്ങള്‍ വിജയകരമായി പ്രവര്‍ത്തിച്ച് ഇടത്തരം സംരംഭങ്ങളായി മാറണം. സംരംഭങ്ങളെ ആളുകള്‍ സംശയത്തോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞു. ‘നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം’ എന്നതാണ് വ്യവസായ വകുപ്പിന്റെ പുതിയ മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു.

ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കെ.വി.ഐ.സി. സംസ്ഥാന ഡയറക്ടര്‍ വി. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ശ്രീനിവാസ പൈ ജി, കെ.കെ. ചാന്ദിനി, കെ.വി. ഗിരീഷ്‌കുമാര്‍, പ്രേംജീവന്‍, സഞ്ജീവ്, പി.എന്‍. മേരി വെര്‍ജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top