ഇനി യുഎഇയിലെ ഇന്ത്യക്കാര്‍ക്കും യുപിഐ വഴി പണമിടപാട് നടത്താം

യുഎഇയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇപ്പോള്‍ യുപിഐ ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാനാകും. ഇന്ത്യയില്‍ യുപിഐ അധിഷ്ഠിതമായ ബാങ്ക് അക്കൗണ്ടുളളവര്‍ക്കും ഭീം ആപ്പ് ഉളളവര്‍ക്കുമാണ് ഇതിന് സാദ്ധ്യമാകുക. നേപ്പാളിനും ഭൂട്ടാനും ശേഷം യുപിഐ സേവനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന രാജ്യമാണ് യുഎഇ. 2021ലാണ് ഭൂട്ടാനില്‍ യുപിഐ അംഗീകരിച്ചത്.

എല്ലാ വര്‍ഷവും യുഎഇ സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് സംവിധാനം സഹായകരമാകും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡാണ് വ്യാഴാഴ്ച യുഎയിലുടനീളമുള്ള നിയോപേ ടെര്‍മിനലുകളില്‍ ഭീം യുപിഐ സംവിധാനം ഉപയോഗപ്പെടുത്താന്‍ ആകുമെന്ന് പ്രഖ്യാപിച്ചത്.

യുഎഇയില്‍ എല്ലായിടത്തും ഈ യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമേ പേയ്മെന്റുകള്‍ സ്വീകരിക്കൂ. എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ ഇന്ത്യക്കാര്‍ക്ക് തടസ്സമില്ലാത്ത ഇടപാടുകള്‍ ലഭ്യമാക്കുന്നതിനായി നിരവധി അന്താരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top