പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക-ട്രാവന്‍കൂര്‍ പ്രവാസി കോ.സൊസൈറ്റി

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി 2025 ആഗസ്റ്റ് 18 ന് തിരുവനന്തപുരത്ത് വായ്പാവിതരണവും, സംരംഭകത്വ വായ്പാ നിര്‍ണ്ണയക്യാമ്പും സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. തൈക്കാട് നോര്‍ക്ക സെന്ററില്‍ സംഘടിപ്പിക്കുന്ന വായ്പാവിതരണം-വായ്പാ നിര്‍ണ്ണയക്യാമ്പ് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗഫൂര്‍ പി ലില്ലീസ് മുഖ്യാതിഥിയാകും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ട്രാവന്‍കൂര്‍ പ്രവാസി കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ.സി. സജീവ് തൈയ്ക്കാട്, ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

വായ്പാ നിര്‍ണ്ണയക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പാസ്സ്പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റു വഴി പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

 

Share news
error: Content is protected !!
Scroll to Top