HIGHLIGHTS : Norka Roots praised for service excellence in UK Wales Assembly
യുകെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്‌സുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 നഴ്‌സിംങ് പ്രൊഫഷണലുകളെ റിക്രൂട്ട്‌ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍ നിന്നുളള മികച്ച ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതയും നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മികവും 300 ലധികം നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യുന്നതിന് സഹായകരമായി. കൂടാതെ, എമര്‍ജന്‍സി, ഗ്യാസ്‌ട്രോഎന്‍ട്രാളജി, ഓങ്കോളജി, റേഡിയോളജി, ഹെമറ്റോളജി സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരെയും റിക്രൂട്ട്‌ചെയ്യാനായി. മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കായുളള പ്രത്യേക റിക്രൂട്ട്‌മെന്റും ഹൈദ്രാബാദില്‍ സംഘടിപ്പിക്കാനായെന്നും ജെറമി മൈല്‍സ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയിലെ പ്രൊഫഷണലുകളെ കണ്ടെത്തുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം പൈലറ്റ് പ്രോജക്റ്റായി മെന്റല്‍ ഹെല്‍ത്ത് സൈക്യാട്രി നഴ്‌സുമാരുടെ പ്രത്യേക റിക്രൂട്ട്‌മെന്റും പരിശീലനവും പരിഗണനയിലാണ്. ഇതോടൊപ്പം മെഡിക്കല്‍ പഠനശേഷം ഡോക്ടര്‍മാര്‍ക്കും, ഡെന്റിസ്റ്റുമാര്‍ക്കും ഉന്നതപഠനത്തിനും ജോലിക്കും അവസരമൊരുക്കുന്ന (ജി.എം.സി സ്‌പെഷ്യലിസ്റ്റ് രജിസ്ട്രി) കണ്‍സള്‍ട്ടന്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമും പരിഗണിക്കുന്നുണ്ടെന്നും ജെറമി മൈല്‍സ് അസംബ്ലിയില്‍ പറഞ്ഞു.
വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്‌ചെയ്യുന്നതിനുളള കരാര്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ എലുനെഡ് മോര്‍ഗനും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും 2024 മാര്‍ച്ച് ഒന്നിനാണ് തിരുവനന്തപുരത്ത് ഒപ്പിട്ടത്.