സ്ഥലപ്പേരിനൊപ്പം വാലായി കോളനി വേണ്ടാ; ഊരുകൂട്ടത്തില്‍ തീരുമാനം

കരുളായി: സ്ഥലപ്പേരിനൊപ്പം കോളനി വേണ്ടെന്ന് ഊരുകൂട്ടത്തില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കരുളായി വനവാസികള്‍. പുലിമുണ്ട ചേമ്പുംകൊല്ലി കോളനി വില്ലേജ് ഇനി പുലിമുണ്ട മാതന്‍കുന്ന് വില്ലേജ് എന്നപേരില്‍ അറിയപ്പെടും.

വനത്തിനകത്തെ പുലിമുണ്ട ചേമ്പുംകൊല്ലിയില്‍ കഴിയുന്നവരാണ് വനാവകാശ ഊരുകൂട്ടത്തില്‍ ഊരിന്റെ പേരുമാറ്റിയത്. ഊരുകൂട്ടത്തിന്റെ ഈ പ്രഖ്യാപനം സിഎഫ്ആര്‍ സെക്രട്ടറി ബാബുരാജ് പുലിമുണ്ട വായിച്ചപ്പോള്‍ കോളനിക്കാര്‍ ഒന്നടങ്കം കൈയടിച്ച് സ്വീകരിച്ചു. സ്ഥലപ്പേരിനൊപ്പമുള്ള കോളനി തങ്ങളുടെ ജീവിതത്തെ പിന്നോട്ടടിപ്പിക്കുന്നുവെന്നും ആത്മവിശ്വാസം കെടുത്തുന്നുവെന്നുമുള്ള ബോധ്യത്തിലാണ് ഊരുകൂട്ടം വിളിച്ചുചേര്‍ത്ത് പേര് മാറ്റിയത്.

ഊരുകൂട്ടത്തിന്റെ മുഖ്യ അജന്‍ഡയും പുലിമുണ്ട കോളനി പുലിമുണ്ട വില്ലേജായി പ്രഖ്യാപിക്കലായിരുന്നു. പഞ്ചായത്ത്, വനം, ഐ.ടിഡി.പി, പോലീസ്, വില്ലേജ് തുടങ്ങിയ എല്ലാ അധികാരികളെയും വിവരമറിയിച്ചും യോഗത്തിലേക്കു ക്ഷണിച്ചും പുലിമുണ്ടക്കാര്‍ തന്നെയാണ് വനാവകാശ ഊരുകൂട്ടം വിളിച്ചുചേര്‍ത്തത്. അന്‍പതില്‍പ്പരം കുടുംബങ്ങളിലായി
ഇരുനൂറിലേറെപ്പേരാണ് ഇവിടെയുള്ളത്. കാട്ടുനായ്ക്ക വിഭാഗക്കാരാണ് ഇവര്‍. 2019-ലെ പ്രളയത്തെ തുടര്‍ന്ന് മുണ്ടക്കടവില്‍നിന്ന് പുലിമുണ്ടയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണിവര്‍.

ഗ്രാമപ്പഞ്ചായത്തംഗം ഇ.കെ. അബ്ദുറഹിമാന്‍ ഊരുകൂട്ടം ഉദ്ഘാടനംചെയ്തു. എഫ്.ആര്‍.സി. പ്രസിഡന്റ് സുധാകരന്‍ അധ്യക്ഷതവഹിച്ചു. ശ്യാംജിത്ത് പാലക്കയം വനാവകാശനിയമത്തെക്കുറിച്ച് ക്ലാസെടുത്തു. വനസംരക്ഷണസമിതി സെക്രട്ടറി പി.പി. രതീഷ്, ബദല്‍സ്‌കൂള്‍ അധ്യാപകന്‍ പി. രാധാകൃഷ്ണന്‍, സി. മാധവന്‍, പി. റഫീക്ക്, എന്‍.കെ. സുനില്‍കുമാര്‍, പിങ്കി, ഊരുമൂപ്പന്‍മാരായ മാഞ്ചന്‍, കടന്നക്കാപ്പ് ചാത്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share news
error: Content is protected !!
Scroll to Top