മലപ്പുറത്ത് ഇനി കോവിഡ് ബാധിതരില്ല

മലപ്പുറം; ജില്ലയില്‍ ഇനിയാരും കോവിഡ് 19 ബാധിതരായി ചികിത്സയിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ജില്ലയില്‍ ഇതുവരെ 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്.

21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയുന്നു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

ജില്ലയില്‍ നിലവില്‍ ആരും കോവിഡ് ബാധിതരായില്ലെന്നത് അശ്വാസകരമാണ്. എന്നാല്‍ ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. ഈ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ആരോഗ്യ ജാഗ്രത ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ പോലീസും ദ്രുത കര്‍മ്മ സംഘങ്ങളും നിരീക്ഷണം തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top