മഞ്ചേരി മെഡി. കോളേജില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടത്തിന് തടസ്സമില്ല

HIGHLIGHTS : No obstacle to nighttime post mortem at Manjeri Medical College

ഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ തുടരുന്നുണ്ടെന്ന്  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. എം.എല്‍.എമാരായ അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് എന്നിവരാണ് ഇതുസംബന്ധിച്ച വിശദീകരണം വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ രാത്രി 8 മണി വരെ നടക്കുന്ന പോസ്റ്റ് മോര്‍ട്ടം തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അക്കാദമിക് കാര്യങ്ങള്‍, പരീക്ഷ നടത്തിപ്പ്, കോടതി ഡ്യൂട്ടി എന്നിങ്ങനെ ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.

sameeksha-malabarinews

പൊന്നാനിയില്‍ കൃഷിവകുപ്പ് മുഖേന നല്‍കിയ മുളയ്ക്കാത്ത നെല്‍വിത്തിന് കര്‍ഷകര്‍ക്ക് പകരം വിത്ത് ലഭ്യമാക്കണമെന്നും നഷ്ടപരിഹാരം ലഭിക്കാന്‍ കര്‍ഷകര്‍ വിത്ത് തിരിച്ചുനല്‍കണമെന്ന കൃഷിവകുപ്പിന്റെ വാദം വിചിത്രമാണെന്നും പി നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു. വിതച്ച വിത്ത് കര്‍ഷകര്‍ എങ്ങനെ തിരിച്ചുനല്‍കും എന്നായിരുന്നു എം.എല്‍.എയുടെ ചോദ്യം. വിത്ത് മുളച്ചില്ലെന്ന് കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ പകരം വിത്ത് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാകലക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ചയടയ്ക്കുന്ന പ്രവൃത്തികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും പി. നന്ദകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൃഷിയെയും കുടിവെള്ളവിതരണത്തെയും ഇത് ബാധിക്കുന്നുണ്ട്. മഴക്കാലം തുടങ്ങും മുമ്പ് ചോര്‍ച്ചയടക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രവൃത്തി വീണ്ടും നീണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രോഗികളോട് മോശമായി പെരുമാറുകയും ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യത്തില്‍ കെ.പി.എ മജീദ് എം.എല്‍.എ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആരാഞ്ഞു. വിഷയത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എം.സി.എഫിനായി കണ്ടെത്തിയ 20 സെന്റ് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സാങ്കേതിക തടസ്സങ്ങളില്ലെന്നും ഭൂമി എത്രയും വേഗം ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ കെ.പി.എ മജീദ് എം.എല്‍എയെ അറിയിച്ചു.
സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ദേശീയപാത നിര്‍മാണ അതോറിറ്റി വലിയ  വീഴ്ചവരുത്തുന്നുവെന്ന് പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. നിരവധി പേരുടെ ജീവന്‍ പൊലിയാനിടയാകുന്ന അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണം. ദേശീയപാതയിലെ ഡ്രൈനേജ് ഔട്ലെറ്റ് വഴി വീടുകളിലേക്ക് വെള്ളം കയറുന്ന പ്രശ്നം നിരവധി തവണ ഉന്നയിച്ച കാര്യവും എം.എല്‍.എ ഓര്‍മിപ്പിച്ചു. ദേശീയപാത 66ല്‍ നിന്ന് പരപ്പനങ്ങാടി റോഡിലേക്ക് തിരിയുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് തീര്‍ക്കുന്നതിന് അടിയന്തര നടപടി വേണം. പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉടന്‍ തുറന്നുകൊടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

കോട്ടയ്ക്കല്‍ മണ്ഡലത്തിലെ എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, പൊന്‍മള, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ക്കായി കട്ടിങ് നടത്തിയ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയര്‍ അറിയിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ മൂന്ന് റോഡുകളുടെ കൂടി റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ക്സിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു.

ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, അസി. കലക്ടര്‍ വി.എം ആര്യ, നഗരസഭാ അധ്യക്ഷര്‍, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!