HIGHLIGHTS : No class promotion if you don't pass the end-of-year exam: Central government
ദില്ലി: രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത് സംബന്ധിച്ച 2010ലെ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. 5, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി പരീക്ഷകള്‍ നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി. വിദ്യാര്‍ത്ഥികള്‍ ഈ പരീക്ഷകളില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നല്‍കും. ഇതിലും പരാജയപ്പെട്ടാല്‍ വിദ്യാര്‍ത്ഥിയ്ക്ക് അതേ ക്ലാസില്‍ തന്നെ തുടരേണ്ടി വരും.
ഇതുവരെ നിലവിലുണ്ടായിരുന്ന നോ-ഡിറ്റന്‍ഷന്‍ നയത്തിലെ മാറ്റമാണ് ശ്രദ്ധേയം. ആര്‍ടിഇ നിയമത്തിന് കീഴിലുള്ള നോ-ഡിറ്റന്‍ഷന്‍ നയം അനുസരിച്ച് 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു വിദ്യാര്‍ത്ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളില്‍ നിന്ന് പുറത്താക്കാനോ പാടില്ല. 8-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം രാജ്യത്തുടനീളം സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, ദില്ലി എന്നിവയുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പുതിയ ഭേദഗതി നടപ്പിലാക്കാന്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം നേരത്തെ തന്നെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും നിരന്തര മൂല്യനിര്‍ണയം മെച്ചപ്പെടുത്തുകയാണ് വിദ്യാര്‍ത്ഥികളുടെ അറിവ് മെച്ചപ്പെടുത്താന്‍ വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.
2009-ല്‍ അവതരിപ്പിച്ച ആര്‍ടിഇ നിയമത്തിലാണ് നോ-ഡിറ്റന്‍ഷന്‍ നയം പരാമര്‍ശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷകളില്‍ പരാജയപ്പെടുന്നത് കാരണം പഠനം തുടരുന്നതില്‍ നിന്ന് പിന്മാറരുത് എന്നതായിരുന്നു നോ ഡിറ്റന്‍ഷന്‍ നയത്തിന്റെ ലക്ഷ്യം. ആവശ്യമായ അറിവ് നേടാതെയാണ് കുട്ടികളെ വിജയിപ്പിച്ച് വിടുന്നതെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇത് ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുയര്‍ന്നു. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണം ഈ നയമാണെന്നും ആരോപണം ഉയര്‍ന്നു. ഇതോടെയാണ് അക്കാദമിക് നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ വിജയിപ്പിക്കുന്നതിന് പകരം കുട്ടികളെ അവരുടെ ക്ലാസുകളില്‍ തന്നെ നിലനിര്‍ത്താന്‍ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു