പത്താംക്ലാസ് പാസാവാന്‍ ഇത് വേണം;നിയാസ് പി മുരളിയുടെ അനുഭവയാത്ര

“ഡാ ചെക്കാ”….രാവിലെ തന്നെ തൊഴുത്തിൽ
ചാണകം വാരുന്ന തിരക്കിലായിരുന്ന
ഞാൻ തിരിഞ്ഞു നോക്കി…

“ക്ലാ ക്ലാ
ക്ളീ ക്ളീ”…ദേ വേലിന്റപ്പുറത്ത്
ശശ്യേട്ടൻ…

“അന്റെ റിസൾട്ട് ഇന്നല്ലേ വരണത്”

SSLC പരീക്ഷ കഴിഞ്ഞ്
രമേശേട്ടന്റെ കൂടെ കൽപ്പണിക്ക് പോകുന്ന കാലം..

“ഏ ഇന്ന്യേന്യോ?
ഇൻക്ക് ഓർമല്യ..”

“ആ ഇന്നന്നെ..”
പോയി നമ്പറെടുത്തു വാ”

അതും പറഞ്ഞു ശശ്യേട്ടൻ വീട്ടിലേക്ക് പോയി…

ഞാൻ ബൂലോകത്ത്
പ്രത്യേകിച്ച് ഒന്നും
സംഭവിച്ചിട്ടില്ലാത്ത പോലെ
തൊഴുത്തിൽ നിന്നിറങ്ങി
കൈ കഴുകി;
വീട്ടിലെവിടെയോ
എടുത്തു വെച്ചിരുന്ന ഹാൾ ടിക്കറ്റും എടുത്ത്
വടക്കീലേക്കോടി…

അന്നൊക്കെ
പേപ്പറിലാണ് റിസൾട്ട് നോക്കാ…
80-90 കിഡ്സ് ഇവിടെ കമോണ്…

ഡിസ്റ്റിംഗ്‌സ്ഷൻ,
1st ക്ലാസ്, 2nd, third അങ്ങനെ ഓരോന്നും തരം തിരിച്ചു പേപ്പറിലുണ്ടാവും…

കോലായിൽ
മനോരമ പേപ്പറും പിടിച്ച്  ശശ്യേട്ടൻ…
ചെന്നപാടെ എന്റെ കയ്യീന്ന്
ഹാൾ ടിക്കറ്റും വാങ്ങി തിരച്ചില് തുടങ്ങി…

അടുത്ത് തന്നെ ടെൻഷൻ കൊണ്ട് ഞെരിപിരി കൊണ്ട്
പുഷ്പേച്ചി…

ഞാനല്ലെ എഴുതീത്
കാര്യായിട്ടൊന്നും പ്രതീക്ഷിക്കാത്ത പോലെ മുറ്റമടിച്ചു വാരുന്ന ഉമ്മ…

മുറ്റത്തെ മാവിലിരുന്നു മുൻകൂറായി കൂക്കി വിളിക്കുന്ന കുയിൽ…

വേറെയാരുടെയോ റിസൾട്ട് നോക്കുന്ന ഭാവത്തോടെ ഞാൻ…

“എടാ അനക്ക് first ക്ലാസ്സുണ്ട്..”
ശശിയേട്ടൻ സന്തോഷത്തോടെ
ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു….

“ഏയ്..
അങ്ങനെ വരാൻ സാധ്യതയില്ലല്ലോ?

എന്നെപ്പറ്റി എനിക്ക് തന്നെ നല്ല ധാരണയുള്ളത് കൊണ്ട് ഞാൻ പേപ്പറൊന്നു നോക്കി…

ശരിയാണ്…

കുട്ടിമാമാ…
ഞാൻ ഞെട്ടി മാമാ…

എന്തെ പ്പം ണ്ടായി…?

ആ ആർക്കറിയാം…

ന്തായാലും
പാസ്സായി…

വൈകുന്നേരത്തോടെ
മാർക്കും അറിഞ്ഞു..

“462”

അത്കൂടി കേട്ടപ്പോ
ഞാനാകെ അന്തം വിട്ടു..

“എവിടെയോ
എന്തോ
പാകപ്പിഴ പോലെ…”

ഈനു മാത്രം ഞാൻ എഴുതി വെച്ചീനോ ന്ന് ഇക്കറീല….

ദിവസങ്ങൾ പിന്നെയും
മുന്നോട്ട് പോയി…
ഞാൻ രമേശേട്ടന്റെ കൂടെ കൽപ്പണിക്ക് പോവാൻ തൊടങ്ങി..

150 കൂലി
200 ആയി
250, 300, 400, 500 ആയി..

സുഖം..
സുന്ദരം…
ആർമാദം….

കോളേജുകളിലേക്ക് അപേക്ഷിക്കേണ്ട സമയൊക്കെ കഴിഞ്ഞു..

അങ്ങനെയിരിക്കുമ്പോ
രാവിലെ തന്നെ
പിന്നെയും
“ക്ലാ ക്ലാ
ക്ളീ ക്ളീ
ക്ലൂ ക്ലൂ”

മുറ്റത്തൊരു ശശ്യേട്ടൻ…

“യ്യ്‌ പഠിക്കാൻ പോണില്ലേ..?”

മുറ്റത്തെ വളഞ്ഞു പൊളഞ്ഞു പോയ മാവിമ്മേ ഞാൻ നഖം കൊണ്ട് ചെരണ്ടാൻ തൊടങ്ങി…

“ഞാ കൊറേ പറഞ്ഞ്..
ന്ന് ട്ട് ണ്ടാ ചെക്കൻ കേക്കണ്”

ഉമ്മാന്റെ വക ആപ്പ്…

ഒടുക്കം രണ്ടാളും കൂടി
പിടിച്ച പിടിയാലെ പോളിയിൽ
ചേർത്ത്…

ശേഷം..
ഇപ്പൊ ഇവിടിരുന്നു ഇതെഴുതുന്നു…

പറഞ്ഞു വന്നത്….

മകൾ
മഴ;
ഈ വർഷം പത്തിലാണ്…

പഠനം;
ഒരു ഭാരമാവാതെയാവണം എന്ന് എനിക്കറിയാവുന്നത് കൊണ്ട്
മക്കളെ ഞാൻ നിർബന്ധിക്കാറില്ല…

പറയാറുണ്ട്…
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച്…
അതിന്റെ ആവശ്യകതയെ കുറിച്ച്….
അങ്ങനെ അങ്ങനെ..

പ്രിയപ്പെട്ട മഴക്കുട്ടീ….

നീ നേടുന്ന
മാർക്കുകളല്ല;
നിന്നെ ഞങ്ങളിലേക്ക് ചേർത്തു നിർത്തുന്നത്…

പേപ്പറിൽ നിനക്ക് കിട്ടുന്ന മാർക്കുകൾക്കപ്പുറം;
നിന്റെ ഉള്ളിന്റെ ഉള്ളിനെ
പ്ലസ്സാക്കി നിർത്താൻ ശ്രമിക്കുക…

നീ കാണുന്ന/
അനുഭവിക്കുന്ന/
ജീവിക്കുന്ന
ഈ ലോകത്തെ മനോഹരമാക്കാൻ ശ്രമിക്കുക…

എപ്പോഴും
സ്നേഹത്തിന്റെ/സൗഹൃദത്തിന്റെ
ചിരി ചുണ്ടിൽ കാത്തു വെക്കുക…

സഹജീവികളോടുള്ള
കരുണ കൊണ്ട്
ഹൃദയം നിറക്കുക….

എന്തിനെയും
തുറന്ന മനസ്സോടെ സ്വീകരിക്കുക…

തോൽവികളെ
അംഗീകരിക്കാനും
വിജയം പോലെ അതിനെ
ആശ്ലേഷിക്കാനും
മറ്റുള്ളവരുടെ വിജയങ്ങൾ
തന്റേത് കൂടിയെന്നു
തിരിച്ചറിയാനും
പഠിക്കുക…

പേപ്പറിൽ നിനക്ക് കിട്ടുന്ന
പ്ലസ്സുകൾ ഒരുപക്ഷേ
നിനക്ക് ജീവിതത്തിൽ
പണവും
സൗകര്യങ്ങളും
തന്നേയ്ക്കാം…
പക്ഷെ;
സമാധാനം തരുമെന്ന് ഉറപ്പില്ല…

മറ്റൊരാളുടെ
കണ്ണീരു കൊണ്ട്
നിന്റെ ഹൃദയം തേങ്ങുന്നുവെങ്കിൽ/
കണ്ണിമ നനയുന്നുവെങ്കിൽ
നിന്റെ വിദ്യാഭ്യാസം
ലക്ഷ്യം കണ്ടു എന്നർത്ഥം…

ഈ ലോകം എല്ലാവരുടേതുമാണെന്നു
തിരിച്ചറിഞ്ഞാൽ;
അതിർത്തികൾക്കപ്പുറം
എല്ലാ മനുഷ്യരും
ഒന്നെന്നറിഞ്ഞാൽ;
വരഞ്ഞിട്ട അതിർത്തികൾ
എപ്പോഴും മാറാവുന്ന
വെറും രേഖകൾ മാത്രമാണെന്ന് തിരിച്ചറിഞ്ഞാൽ
നീ
സോഷ്യൽ സയൻസ് പാസായി..

ഈ ലോകം
സുന്ദരമാക്കുന്നതിനും
വരും തലമുറയ്ക്ക് കൂടി
അത് നശിക്കാതെ/നശിപ്പിക്കാതെ
കാത്തുവെക്കേണ്ടതാണെന്ന്
ബോധമുണ്ടായാൽ
നീ
കെമിസ്ട്രി പാസായി..

പരസ്പര ബന്ധമില്ലാതെ
കോടാനുകോടി
ഗ്രഹങ്ങളിൽ/
നക്ഷത്രങ്ങളിൽ
എവിടെയോ കറങ്ങുന്ന
ഒരു ഗ്രഹത്തിന്റെ
മൂലയിരുന്നാണ്
നമ്മൾ
ചലനവും
നിശ്ചലതയും
പഠിക്കുന്നതെന്നറിയുമ്പോൾ/
ഒരു നിമിഷാർദ്രം കൊണ്ട്
ഒരു തമോഗർത്തമായി
നമ്മളും
മാറും എന്നറിയുമ്പോൾ
അതിലിരുന്നാണ്;
ദൈവത്തിന്റെയും
മതവും
ജാതിയും
അതിർത്തികളും
പറഞ്ഞു നാം തല്ലുന്നത്/
കൊല്ലുന്നത്/അകലുന്നത്
എന്നറിയുമ്പോൾ
നീ
ജിയോഗ്രഫി പാസായി..

ചലനമെന്നത്;
ആവശ്യക്കാരുടെ/
ജീവിതത്തിൽ
തളർന്നവരുടെ
ഒപ്പം നടക്കാനും
നടത്താനുമുള്ള
കൈതാങ്ങാണെന്ന്
ബോധ്യമാവുമ്പോൾ
നീ
ഫിസിക്സ് പാസ്സായി…

ഈ ലോകത്ത് വേദനിക്കുന്നവരുടെയെല്ലാം
ഭാഷ;
ഒന്നാണ് എന്ന് തിരിച്ചറിയുമ്പോൾ
നീ
എല്ലാ ഭാഷകളും
പാസ്സായി…

നമ്മൾ
നടന്ന് വന്ന വഴികൾ ചെറുതാണെന്നും
ഇനിയുമൊട്ടേറെ നടക്കാനുണ്ടെന്നും
മാറ്റത്തിന്റെ കൈപിടിച്ച്
ഇനിയുമേറെ
മുന്നേറുമെന്നും
തൊട്ടറിയുമ്പോൾ
നീ
I T പാസ്സായി…

ഒരു ഓപ്പറേഷൻ കൊണ്ടും
മാറ്റിവെക്കാൻ പറ്റാത്തതും
പകർന്നു വെക്കാൻ
പറ്റാത്തതുമാണ്
കരുണയും
ആർദ്രതയും
സഹജീവിസ്നേഹവും
വികാരങ്ങളുമെല്ലാം
എന്നറിയുമ്പോൾ
അവയൊക്കെയാണ്
നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്
എന്ന് മനസ്സിലാക്കുമ്പോൾ
നീ
ബയോളജി പാസ്സായി…

പങ്കുവെക്കുമ്പോൾ
മറ്റുള്ളവരുടെ വേവലാതികൾ കൂടി കൂട്ടാൻ പഠിക്കുമ്പോൾ
നീ കണക്കും
പാസ്സായി…

എല്ലാ
മൈനസുകളെയും
പ്ലസ്സാക്കാൻ ശ്രമിക്കുക…

നിന്റെ
മനസ്സിനൊപ്പം
ആഗ്രഹങ്ങൾക്കൊപ്പം
യാത്ര ചെയ്യുക..

എങ്കിൽ
ജീവിതം നിനക്ക്
മനോഹരമായി
അനുഭവിക്കാം..
അതിനെ
തൊട്ടറിയാം…

എല്ലാറ്റിനുമുപരി;
നിന്നിലെ നിന്നെ/
നിന്റെ ആഗ്രഹങ്ങളെ തിരിച്ചറിയുക…
നീ
നീയായ് മാറുക..
ശാന്തമായുറങ്ങുക…

നിനക്കൊപ്പം
നിന്നോട് കൂടെ
ഞങ്ങളുണ്ട്…

ഏതവസ്ഥയിലും….

കാരണം…
നമ്മൾ
രണ്ടല്ല;
എന്നത് തന്നെ…

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top