നിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ് സമ്പര്‍ക്ക പട്ടികയില്‍ 255 പേര്‍

HIGHLIGHTS : Nipah: 16 people tested negative: Minister Veena George 255 people in contact list

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 17) പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പുതുതായി 80 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 50 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ഇന്ന് ഉള്‍പ്പെടുത്തിയ 80 പേര്‍ അടക്കം നിലവില്‍ ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 77 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 171 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 84 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്.

പ്രൈമറി പട്ടികയിലുള്ള 128 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മരിച്ച 24 കാരന്‍ പഠിച്ചിരുന്ന ബംഗളൂരുവിലെ കോളേജില്‍ നിന്നുള്ള 30 പേരും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. ഇവര്‍ ലോ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുമായി നാല് പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം ആറു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. നിപ ജാഗ്രതയുടെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ മുറികളും ആറ് ഐ.സി.യു ബെഡുകളും ആറു വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.

sameeksha-malabarinews

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശക്തമായ മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 214 പേര്‍ക്ക് കാള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കാന്‍ കഴിഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവാലി ബ്ലോക്ക് എഫ്.എച്ച്.സിയിലും മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതത്വത്തില്‍ ഇന്ന് അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു.

ഫീല്‍ഡ് സര്‍വെയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 1576 വീടുകളിലും വണ്ടൂരിലെ 1711 വീടുകളിലും തിരുവാലിയിലെ 1694 വീടുകളിലും അടക്കം ആകെ 4981 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. 146 ടീമുകളായാണ് സര്‍വെ നടത്തിയത്. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 28, വണ്ടൂരില്‍ 39, തിരുവാലിയില്‍ 40 അടക്കം ആകെ 107 പനിക്കേസുകള്‍ ഇന്നത്തെ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരാരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല.

വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!