HIGHLIGHTS : Nilambur by-election: Second phase of randomization of electronic voting machines tomorrow

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ജനറൽ ഒബ്സർവർടെയും സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നാളെ (ജൂൺ ഒൻപത് ) നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. ഒന്നാംഘട്ട റാൻഡമൈസേഷനിൽ അനുവദിച്ചു കിട്ടിയ മെഷീനുകൾ റാൻഡം അടിസ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചു നൽകുകയാണ് രണ്ടാംഘട്ടത്തിൽ ചെയ്യുന്നത്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക തല പരിശോധന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജൂൺ മൂന്നു മുതൽ ഏഴു വരെ വരെ ജില്ലാ ഇ വി എം വെയർഹൗസിൽ നടത്തിയിരുന്നു. ഇതിൽ മെഷീനുകളുടെ പൂർണ്ണമായ പ്രവർത്തന പരിശോധന നടത്തുകയും പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയ മെഷീനുകളിൽ നിന്ന് റാൻഡമായി തിരഞ്ഞെടുത്ത 1% മെഷീനുകളിൽ 1200, 2% ത്തിൽ 1000, 2% ത്തിൽ 500 വീതം മോക്ക് വോട്ടുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് രേഖപ്പെടുത്തി അവയുടെ കൃത്യത ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ഈ മെഷീനുകൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ഇവയിൽ നിന്ന് 50 വീതം മെഷീനുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഒന്നാംഘട്ട റാൻഡമൈസേഷൻ മെയ് 31 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു. ഇതിൽ പ്രാഥമികതല പരിശോധനയ്ക്കുശേഷം സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന മെഷീനുകളിൽ നിന്നും റിസർവ് മെഷീനുകൾ ഉൾപ്പെടെ നിശ്ചിത എണ്ണം മെഷീനുകൾ നിലമ്പൂർ വരണാധികാരിക്ക് അനുവദിച്ചു നൽകി.