പരപ്പനങ്ങാടിയിലും, പൂക്കിപറമ്പിലും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പുനസ്ഥാപിക്കുമോ?

മലപ്പുറം: സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച മദ്യനയത്തില്‍ കഴിഞ്ഞ കാലങ്ങളില്‍
അടച്ചുപോയ ഔട്ട്‌ലെറ്റുകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനം നടപ്പിലായാല്‍ പരപ്പനങ്ങാടിയിലും, പൂക്കിപറമ്പിലും വീണ്ടും ഔട്ട്‌ലെറ്റുകള്‍ തുറക്കുമോ എന്ന ചര്‍ച്ചയും സജീവമാകുന്നു.

2015ലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിലും, തിരൂരങ്ങാടി താലൂക്കിലെ തെന്നല പൂക്കിപ്പറമ്പിലും ബീവറേജസ് ഔട്ടലെറ്റുകള്‍ പൂട്ടിയത്. ഘട്ടംഘട്ടമായി വര്‍ഷം തോറും ബീവറേജസിന്റൈ ഔട്ട്‌ലെറ്റുകള്‍ പൂട്ടുക എന്നതായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ മദ്യനയം. ഇതിന്റെ ഭാഗമായി അന്ന് പ്രക്ഷോഭം നടന്നിരുന്ന തിരൂരങ്ങാടി താലൂക്കിലെ രണ്ട് ബീവറേജസ് ഔട്ട്‌ലെറ്റുകളും അടിച്ചിരുന്നു

എ്ന്നാല്‍ ഇന്ന് പ്രഖ്യാപിച്ച 2022-23 വര്‍ഷത്തെ മദ്യനയമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ മദ്യനയത്തില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരിക്കുകുറയ്ക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും പൂട്ടിപ്പോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കുമെന്ന പ്രഖ്യാപനമുണ്ട്. ഇത് നടപ്പിലാകുകയാണെങ്കില്‍ പരപ്പനങ്ങാടിയിലും പൂക്കിപറമ്പിലും പുതിയ ഷോപ്പുകള്‍ വരും. നിലവിലെ മദ്യശാലകളിലെ തിരിക്ക് കുറക്കുന്നതിനായാണ് ഈ നടപടി. പുതിയ ഔട്ട്‌ലെറ്റുകള്‍ പ്രീമിയം ഷോപ്പുകളായതിനാല്‍ ഷോപ്പുകളുടെ പുറത്ത് ക്യൂ ഉണ്ടാവില്ല. വാക്ക് ഇന്‍ ഫെസിലറ്റിയോടെയാകും ഷോപ്പുകള്‍ വരികയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നേരത്തെ പരപ്പനങ്ങാടിയില്‍ അഞ്ചപ്പുരയിലാണ് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. തെന്നലയില്‍ പൂക്കിപറമ്പ് ഹൈവേയിലായിരുന്നു ഔട്ട്‌ലെറ്റ്. മത രാഷ്ട്രീയ സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു ഈ ഷോപ്പുകള്‍ അടച്ചത്.
പരപ്പനങ്ങാടിയില്‍ ഔട്ട്‌ലെറ്റ് തിരിക വരുന്നതിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.

താലൂക്കില്‍ എവിടെയും മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ ഇല്ലാത്തത് വ്യാപകമായി സമാന്തര മദ്യവില്‍പ്പന ലോബിക്ക് കളമൊരുക്കുന്നതായി ഒരു വിഭാഗം പറയുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ശുചിത്വമുള്ളതും തിരിക്ക് കുറഞ്ഞതുമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നത് നാട്ടില്‍ ലഹരിയുടെ ഉപയോഗം കൂട്ടാനും, പുതിയ തലമുറയെ ലഹരിയുടെ ലോകത്തേക്ക് എത്തിക്കാന്‍ കാരണമാകുകയും ചെയ്യുമെന്നും. അടച്ചിട്ട ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വീണ്ടും തുറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും
മറുഭാഗം പറയുന്നു.

Share news
error: Content is protected !!
Scroll to Top